കോട്ടയം: മുണ്ടക്കയം പട്ടണത്തിലെ കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യം കാണാതായ ജെസ്നയുടേതല്ലെന്ന് പിതാവ് ജയിംസ്. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവകാശപ്പെട്ട് പോലീസ് കണ്ടെത്തിയ ദൃശ്യങ്ങളാണ് കുടുംബം തള്ളിക്കളഞ്ഞത്.
ജെസ്നയെ മുണ്ടക്കയം പട്ടണത്തില്‍ കണ്ടുവെന്ന അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസ് മൂന്ന് ദിവസം മുന്‍പ് കാണിച്ചിരുന്നുവെന്ന് പിതാവ് ജെയിംസ് പറഞ്ഞു. ഒറ്റനോട്ടത്തില്‍ തന്നെ ഇത് തന്റെ മകളല്ലെന്നു സ്ഥിരീകരിച്ചുവെന്നാണ് പിതാവ് വ്യക്തമാക്കുന്നത്. ജെസ്നയെയും ഒപ്പമൊരു സുഹൃത്തിനെയും കണ്ടുവെന്ന് പോലീസ് സ്ഥിരീകരിച്ച തരത്തില്‍ ചില പത്രങ്ങളില്‍ ഇന്ന് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ മുണ്ടക്കയത്തെ ഒരു കടയില്‍ നിന്നു വീണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ജെസ്നയെയും ഒപ്പമൊരു സുഹൃത്തിനെയും കണ്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.പോലീസ് വീണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ ജെസ്നയുടെ ആണ്‍സുഹൃത്ത് കടന്നുപോകുന്നത് വ്യക്തമാണ്. പോലീസ് അന്വേഷണത്തില്‍ കോളജില്‍ പോകുന്നതിനായി ഇയാള്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നതായി നേരത്തെ വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ജെസ്നയോട് രൂപസാദ്യശ്യമുള്ള പെണ്‍കുട്ടി കടയ്ക്കു മുന്നിലൂടെ പോകുന്ന ദൃശ്യമാണ് അന്വേഷണ സംഘത്തിന് സംശയമുളവാക്കുന്നത്.കഴിഞ്ഞ മാര്‍ച്ച് 22നു രാവിലെ ജെസ്ന വീട്ടില്‍ നിന്നു പോകുന്പോള്‍ ചുരിദാറായിരുന്നു വേഷം. സിസിടിവി ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടി ജീന്‍സും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്.
കൂടാതെ കുട്ടിയുടെ കൈവശം ട്രാവല്‍ ബാഗുണ്ടെന്നും ദൃശ്യത്തില്‍ വ്യക്തമാണ്. ദൃശ്യങ്ങളില്‍ കാണുന്നത് ജെസ്നെ തന്നെയെന്ന് ബന്ധുക്കളില്‍ ചിലരും സഹപാഠികളും സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും സംശയങ്ങള്‍ ബാക്കിയാണെന്നും ഡിവൈഎസ്പി ആര്. ചന്ദ്രശേഖരന് വ്യക്തമാക്കി.നേരത്തെ ഇടിമിന്നലില്‍ നഷ്ടമായ ദൃശ്യങ്ങള്‍ പോലീസ് ഹൈടെക് സെല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണ സംഘം വീണ്ടെടുത്തത്. ജെസ്നയെ കാണാതായ ദിവസം രാവിലെ 11.44ന് പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങളാണിത്.
ജെസ്ന കടന്നുപോയതിനു ശേഷമാണ് ആണ്‍സുഹൃത്തിനെ ദൃശ്യത്തില്‍ കാണുന്നത്. ഈ സമയം ആണ്‍സുഹൃത്ത് ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്ന വിവരം നേരത്തെ തന്നെ സ്ഥിരീകരിച്ചുവെന്നു പോലീസ് പറഞ്ഞു. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ ഒരിക്കല്‍കൂടി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വീട്ടില്‍ നിന്നും പഠിക്കാനുള്ള പുസ്തകം ഒഴികെ ഒന്നും എടുക്കാതെയാണ് ജെസ്ന ഇറങ്ങിയത്. മുണ്ടക്കയത്തെ ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടിയുടെ വേഷം, കൈയിലുള്ള രണ്ട് ബാഗുകള്‍ എന്നിവ പോലീസിന് സംശയമുണ്ടാക്കുന്നുണ്ട്. കാണാതായ ദിവസം രാവിലെ 10,30ന് ജെസ്ന എരുമേലി ബസ് സ്റ്റാന്‍ഡില്‍ എത്തിയെന്ന് നേരത്തെ വ്യക്തമായിരുന്നു.
ഇതിനുശേഷം ഒരു മണിക്കൂറിനുള്ളില്‍ ഇത്രയും സാധനങ്ങളുമായി വേഷം മാറിയ ഒരാളെ കണ്ടതാണ് പോലീസിനെ കുഴയ്ക്കുന്നത്. ദൃശ്യത്തിലേത് ജെസ്ന അല്ലെങ്കില്‍ ആരെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്


