കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന എറണാകുളം മേഖല വൊക്കേഷണല്‍ എക്സ്പോയില്‍ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച് എസ് സ്കൂളിന്റെ സ്റ്റാള്‍ ശ്രദ്ധേയമായി. എറണാകുളം കോട്ടയം ജില്ലകളിലെ 65 സ്കൂളുകളില്‍ നിന്നായി ആയിരത്തോളം പേര് പങ്കെടുത്തു. നാവില്‍ രുചിയൂറുന്ന വിഭവങ്ങള്‍, നൂതന കൃഷി രീതികള്‍, ഉത്പാദന രീതികള്‍ എന്നിവ മേളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.

മുളങ്കുറ്റിയില്‍ വിത്തുകള്‍ നിറച്ച് ഒരു പ്രതേക ദ്വാരത്തിലൂടെ കടത്തിവിട്ട് ശൂന്യതയില്‍ നിന്നും മഴയുടെ ശബ്ദം കാതോര്ക്കാന്നുന്ന ഉപകരണം മേളയിലെ താരമായിരുന്നു. യഥാര്‍ത്ഥ മഴയുടെ താളവും ഓളവും കാതോര്‍ത്ത കാണികള്‍ ഇക്കഴിഞ്ഞ പ്രളയത്തെ ഓര്‍ത്തു പോയി. കൂടാതെ നൂറ് പശുക്കള്‍ വളര്‍ത്തുന്ന ഹൈടെക്ക് ഡയറി ഫാമിനെ നിയന്ത്രിക്കാവുന്ന ഇലക്ട്രോണിക് ഉപകരണവും കുറഞ്ഞ ചിലവില്‍ അതിസൂക്ഷമ ജീവികളെ കാണുന്ന മൈക്രോസ്കോപ്പിനെ ക്യാമറയുടെയും ഡിസ്പ്ലേയുടെയും സഹായത്താല്‍ ഒരേ സമയം ഒരായിരം പേര്‍ക്ക് കാണാന്‍ കഴിയുന്ന രീതിയിലുള്ള ഡിജിറ്റല്‍ മൈക്രോ സ്കോപ്പും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ രാസവസ്തുക്കള്‍ ഇല്ലാത്ത തനി നാടന്‍ അച്ചാറുകളും വാഴപ്പിണ്ടി, മാങ്ങ, കൈതച്ചക്ക, ചാമ്പക്ക, നെല്ലിക്ക, കാന്താരിമുളക് തുടങ്ങിയവ ഉപ്പിലിട്ടതും ഹൈബ്രിഡ് ഇനത്തില്‍ പ്പെട്ട പച്ചക്കറി തൈകളും വിത്തുകളും ജൈവ വളവും, ജൈവ കീടനാശിനികളും ഉണ്ടായിരുന്നു.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ റോണി മാത്യു, പി ടി.എ പ്രസിഡന്റ് പി.ടി. അനില്‍ കുമാര്‍, ഡോ.അബിത രാമചന്ദ്രന്, സമീര്‍ സിദ്ദീഖി.പി, പൗലോസ്.റ്റി, വിനോദ് ഇ.ആര്, ചിത്ര തുടങ്ങിയവര്‍ നേതൃത്വം നല്കി..


