കൊച്ചി: കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. പുതിയതായി സ്കൂളിലേക്ക് എത്തുന്ന കുരുന്ന് വിദ്യാര്‍ത്ഥികള്‍ക്കും മധ്യവേനലവധിക്ക് ശേഷമെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി പ്രവേശനോത്സവത്തിന് ഒരുങ്ങുകയാണ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. രണ്ടുമാസത്തെ വേനലവധിക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ തിരികെ എത്തുന്നത്. നാളുകള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്ന സ്കൂളുകളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമാക്കുന്നതിനുള്ള തിരക്കിലാണ് അധ്യാപകരും, പിടിഎ അംഗങ്ങളും. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്ന് മാറി പുതിയൊരനുഭവത്തിലേക്ക് കടക്കുന്ന കുരുന്നുകളെ ആകര്‍ഷിക്കുന്നതിനായി കരുതലും, സ്നേഹവും നിറച്ചാണ് വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്.
പുതിയ പാഠപുസ്തകങ്ങള്‍ ഒരുക്കിയും, ക്ലാസ് മുറികളില്‍ പുസ്തകങ്ങളിലെ തന്നെ ചിത്രങ്ങള്‍ വരച്ചും, കണക്കിലെ പട്ടികകള്‍ എഴുതി തയ്യാറാക്കിയും ക്ലാസ്സ് മുറികള്‍ ഒരുങ്ങിക്കിഴിഞ്ഞു. മാര്‍ച്ച് 31 യാത്ര പറഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 3ന് തിരികെ സ്കൂളുകളിലെത്തുമ്പോള്‍ പുതിയൊരന്തരീക്ഷമൊരുക്കി വരവേല്‍ക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍. ചുമരുകളില്‍ പെയിന്റടിച്ചും, മറ്റ് ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയുമുള്ള സ്കൂളുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും, സുരക്ഷയും, കരുതലുമുറപ്പുവരുത്തിയാണ് നഗരത്തിലെ വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. ബലൂണുകളും, മിഠായിയും, സമ്മാനങ്ങളും, അക്ഷരത്തൊപ്പിയും, അക്ഷരപ്പതാകയുമടക്കം നല്കി പ്രവേശനോത്സവം വ്യത്യസ്തമാക്കുനുള്ള അവസാനവട്ട ശ്രമമാണ് അവധി ദിനമായ ഞായറാഴ്ചയും സ്കൂളുകളില്‍ നടന്നത്.
2024-25 വര്‍ഷത്തെ കുട്ടികളുടെ എണ്ണം
പ്രീ പ്രൈമറി തലം – 1,34,763, പ്രൈമറി തലം – 11,59,652, അപ്പര്‍ പ്രൈമറി തലം – 10,79,019, ഹൈസ്കൂള്‍ തലം – 12,09,882, ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – 3,83,515, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – 28,113. ആകെ – 39,94,944
സര്‍ക്കാര്‍ മേഖലയില്‍ 11,19,380, എയ്ഡഡ് മേഖലയില്‍ 20,30,091, അണ് എയ്ഡഡ് മേഖലയില്‍ 2,99,082 ആണ്.
ഒന്നാം ക്ലാസ്സ് പുതിയ അഡ്മിഷന്റെ കണക്ക് 2,44,646 ആണ്.
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസ്സുകള്‍ 2024 ജൂണ്‍ 24 നായിരിക്കും ആരംഭിക്കുക. ഇതു കൂടാതെ ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും ഇനിയും കുട്ടികള്‍ വന്നു ചേരാന്‍ ഉണ്ട്. ആയതിനാല്‍ ഒന്ന് മുതല്‍ 10 വരെയുള്ള ആകെ കുട്ടികളുടെ എണ്ണം ജൂണ്‍ രണ്ടാം വാരത്തിലും ഹയര്‍ സെക്കന്ററി ഉള്‍പ്പെടുന്ന മൊത്തം കുട്ടികളുടെ എണ്ണം ജൂണ്‍ മാസം അവസാനവും മാത്രമേ ലഭ്യമാകുകയുള്ളൂ.


