മുവാറ്റുപുഴ: പെരുമറ്റം അന്നൂര്‍ ദന്തല്‍ കോളേജിന്റെയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് മലനാട് ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ഓറല്‍ ഹൈജീന്‍ ഡേ യോടനുബന്ധിച്ചു നടക്കുന്ന ദന്തല്‍ എക്സിബിഷന്റെ ഉദ്ഘാടനം കോതമംഗലം എം. എല്‍. എ. ആന്റണി ജോണ്‍ നിര്‍വ്വഹിച്ചു.ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് മലനാട് ബ്രാഞ്ചിന്റെ പ്രസിഡന്റ് ഡോ. ടെറി തോമസ്, കോളേജ് ഡയറക്ടര്‍ ടി എസ് യഹിയ , ചെയര്മാന് ടി എസ് നൂഹ് , അഡ്മിനിസ്ട്രേറ്റീവ് ചെയര്മാന് അഡ്വ ടി എസ് റഷീദ്, ഡയറക്ടര്‍ ടി എസ് ബിന്യാമിന്, പ്രിന്‍സിപ്പാള്‍ ഡോ ജിജു ജോര്‍ജ് ബേബി, ഫാദര്‍ ഡോ. ആന്റണി പുത്തന്‍കുളം എന്നിവര്‍ സംസാരിച്ചു.
കോളേജ് ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസങ്ങളിലാണ് എക്സിബിഷന് നടക്കുന്നത്. മുവാറ്റുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും മൂവായിരത്തോളം സ്കൂള്‍ കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത് . വിവിധ ദന്തല്‍ വിഭാഗങ്ങളുടെയും, മെഡിക്കല്‍ വിഭാഗങ്ങളുടെയും സ്റ്റാളുകളും ത്രീ ഡി മോഡലുകളും അവതരണങ്ങളും ദന്തല്‍ കിറ്റ് വിതരണവും നടക്കും. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ കുട്ടികളെയാണ് പ്രധാനമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ സ്കൂളുകള്‍ക്കും സമയം ക്രമീകരിച്ചു കൊടുത്തിട്ടുള്ള പ്രകാരം രണ്ടു ദിവസങ്ങളിലായി ആണ് എക്സിബിഷന് നടത്തുന്നത്. വിശദമായ ദന്ത പരിശോധനയും തുടര്‍ ചികിത്സാ സൗകര്യങ്ങളും ലഭിക്കുന്നതാണ്. വിവിധ നൂതന ദന്ത ചികിത്സാ രീതികളുടെ പ്രദര്‍ശനവും, വിദഗ്ധരുടെ ദന്ത രോഗ ബോധവത്കരണ ക്ലാസ്സുകളും, ഫണ്‍ ഗെയിമുകളും, മത്സരങ്ങളും, ഷോര്‍ട് ഫിലിം പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മത്സരവിജയികള്‍ക്ക് സമ്മാനവിതരണവും നടക്കും. എക്സിബിഷന് വെള്ളിയാഴ്ച സമാപിക്കും.


