ഡല്‍ഹി :പുതിയതായി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ സുപ്രധാന തീരുമാനവുമായി എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്). അടുത്ത് അച്ചടിക്കുന്ന പുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി എന്‍സിഇആര്‍ടി പാനല്‍ അംഗം സിഐ ഐസക് പറഞ്ഞു. പേരുമാറ്റുന്നതിനായുള്ള നിര്‍ദ്ദേശം മാസങ്ങള്‍ക്ക് മുമ്പ് മുന്നോട്ട് വച്ചതാണെന്നും, ഇപ്പോള്‍ അതിന് അംഗീകാരം ലഭിച്ചതായും ഐസക് പറഞ്ഞു.
സെപ്തംബറില്‍ ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെയിംപ്ലേറ്റ് ‘ഭാരത്’ എന്ന് പ്രദര്‍ശിപ്പിച്ചതും , ഈ വര്‍ഷമാദ്യം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 അത്താഴ വിരുന്നില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ‘ഇന്ത്യന്‍ പ്രസിഡന്റ്’ എന്നതിനുപകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചതും ,
ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.