ന്യൂഡല്‍ഹി: കേരളത്തിന് വായ്പ എടുക്കാന്‍ ഉപാധിവച്ച് കേന്ദ്ര സര്‍ക്കാര്‍. കടമെടുപ്പ് പരിധി കുറയ്ക്കുന്നെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചാല്‍ 13600 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കാമെന്ന കേന്ദ്ര നിര്‍ദേശം കേരളം തള്ളി.ഇനി ചര്‍ച്ചകൊണ്ട് കാര്യമില്ലെന്നും കേരളം കോടതിയെ അറിയിച്ചു.
വായ്പാപരിധി സംബന്ധിച്ച കേരളത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് നേരത്തേ ഇരുകൂട്ടരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കേരളം കോടതിയെ അറിയിച്ചത്. കേരളത്തിന് ന്യായമായി കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഹര്‍ജി പിന്‍വലിച്ചാലും ഇല്ലെങ്കിലും കിട്ടണമെന്നാണ് കേരളത്തിന്റെ വാദം.
കടമെടുപ്പ് പരിധി അനുസരിച്ച് 34,230 കോടി രൂപയുടെ കടമെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. എന്നാല്‍ 32,442 കോടിക്ക് മാത്രമാണ് കേരളത്തിന് അര്‍ഹതയുള്ളത്. നിലവില്‍ 2000ല്‍ അധികം കോടി രൂപ അധികം കടമെടുക്കാന്‍ അധികാരം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചു.
13600 കോടി കൂടി വായ്പ എടുക്കാന്‍ അനുമതി നല്‍കാമെന്നും ഇതിന് ചില മാര്‍ഗനിര്‍ദേങ്ങള്‍ പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതോടെ അഭിപ്രായ ഭിന്നത ഉള്ള സാഹചര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തിക്കൂടെ എന്ന് കോടതി ആരാഞ്ഞു.എന്നാല്‍ കേന്ദ്രം ഉപാധിവച്ച സാഹചര്യത്തില്‍ ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു.
ഇതോടെ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ കേരളത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെ ചര്‍ച്ചയ്ക്കുള്ള സാധ്യത നോക്കണമെന്നും കോടതി നിർദേശിച്ചു.


