ഡൽഹി : തന്നെ അറസ്റ്റു ചെയ്താലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജയിലിൽ പോകുന്നതിൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ നടന്ന എഎപി പ്രവർത്തക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് കെജ്രിവാളിന്റെ പ്രതികരണം.
“ഒരു വിപ്ലവകാരിക്ക് ജയിൽ ഭൂഷണമാണ്, ഞാൻ ഏകദേശം 15 ദിവസത്തോളം ജയിലിൽ കിടന്നു, അത് എന്നിൽ ഒരു മാറ്റവും വരുത്തിയില്ല. കാരണം ഞങ്ങൾക്ക് അധികാരത്തോട് അത്യാർത്തിയില്ല.”- അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തോട് തനിക്ക് മോഹമൊന്നുമില്ലെന്നും ഒരുപക്ഷേ 49 ദിവസത്തിന് ശേഷം ആരും ആവശ്യപ്പെടാതെ രാജിവച്ച ലോകത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഞാനായിരിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.


