ഡൽഹി : ദീപാവലി ആഘോഷം കഴിഞ്ഞതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും അന്തരീക്ഷം ഗുരുതരാവസ്ഥയിൽ. ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചികയിൽ വലിയ വർദ്ധനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജഹാംഗീർപുരി, ആർകെ പുരം, ഓഖ്ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാർ, വസീർപൂർ, ബവാന, രോഹിണി എന്നിവിടങ്ങളിൽ എക്യുഐ വർദ്ധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എക്യുഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തുന്നത്. ദീപാവലി ദിനം ഡൽഹിയിൽ തെളിഞ്ഞ ആകാശമായിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ജനങ്ങൾക്ക് ശ്വസിക്കുവാനും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്നാൽ രാത്രിയായതോടെ അന്തരീക്ഷം മോശമാകുകയായിരുന്നു. ചൂട് കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണത്തോത് വർദ്ധിക്കുകയായിരുന്നു.
കർശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡൽഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങൾ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. അതേസമയം ഡൽഹിയിലെ പല ഭാഗങ്ങളിലും ദീപാവലി ദിനത്തിൽ പടക്കം കത്തിക്കുകയുണ്ടായി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പടക്കങ്ങൾ കത്തിച്ചത് മൂലം ഡൽഹിയിലെ വായു മലിനീകരണം വർദ്ധിക്കുമെന്ന ആശങ്കയും ഉടലെടുത്തിരുന്നു. ദീപാവലി ദിനമായ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഡൽഹിയിലെ എക്യുഐ 218 ആയിരുന്നു.


