മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് തിങ്കളാഴ്ച രാത്രിയിൽ മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരസഭ വിതരണം ചെയ്ത വെള്ളത്തിൽ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാർ ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് വർമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 കാരൻ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പ്രദേശത്ത് പരിഭ്രാന്തി പടർന്നതോടെ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്. ഇതിന്റെ ഭാഗമായി ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) ടാങ്കറുകൾ വഴി പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്യാൻ തുടങ്ങി, അതേസമയം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഐഎംസി സംഘം സമീപത്തുള്ള 200 ലധികം സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും.മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.


