ബെയ്ജിംങ് : ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് (68) അന്തരിച്ചു. 2013 മുതല്‍ 2023 വരെ ചൈനയുടെ പ്രധാനമന്ത്രി യായിരുന്നു. 2008 മുതല്‍ 2013 വരെ ഉപപ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചു. 2013 മുതലുള്ള പത്തുവര്‍ഷക്കാലം ചൈനയുടെ നേതൃനിരയില്‍ രണ്ടാമനായിരുന്നു. ചൈനയുടെ സാമ്പത്തികരംഗത്ത് നിര്‍ണായകശക്തിയായത് കെചിയാങ്ങിന്റെ കാലത്തായിരുന്നു.
2013 മുതലുള്ള പത്തു വർഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. ലിയുടെ നേതൃത്വത്തിൽ ഒരു ദശകത്തിനുള്ളിൽ ചൈനയുടെ സാമ്പത്തിക വളർച്ച ഇരട്ടിയായിരുന്നു. ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്.
ലി കെചിയാങ് ദുർബലർക്കുവേണ്ടി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ പേരിൽ പ്രശസ്തനാണ്. ഹെനാൻ പ്രവിശ്യയിൽ ഗവർണറായിരുന്നപ്പോൾ പൊതുമേഖലാ വ്യവസായങ്ങളിൽ വരുത്തിയ പരിഷ്കരണങ്ങളെ തുടർന്നുണ്ടായ പുരോഗതിയും അദ്ദേഹത്തിന്റെ പ്രശസ്തി ഉയർത്തി. പാർട്ടി നേതാവിന്റെ മകനായാണ് ജനിച്ചതെങ്കിലും ആ സ്വാധീനം ഉപയോഗിച്ച് പാർട്ടിയിൽ വളരാൻ കെചിയാങ് തയാറായില്ല.
നിയമത്തിൽ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. മാവോ സെ ദുങ് ചിന്തകളുടെ പഠനത്തിൽ പെക്കിങ് യൂണിവേഴ്സിറ്റിയിൽ ഒന്നാമനായി. അവിടെ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് സെക്രട്ടറിയായി. മുൻ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയോടൊപ്പം യൂത്ത് ലീഗിൽ പ്രവർത്തിച്ചതാണ് അദ്ദേഹത്തിന്റെ വളർച്ചയ്ക്കു സഹായകമായത്. പരിഷ്കരണവാദികളായ ധനശാസ്ത്രജ്ഞരുമായി അടുപ്പം . പഠനകാലത്ത് ജനാധിപത്യവാദികളോടൊപ്പമായിരുന്നു.


