ശ്രീനഗർ : അനന്ത്നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ബുധനാഴ്ച ഏറ്റുമുട്ടൽ ആരംഭിച്ചതിനുശേഷമുള്ള മരണസംഖ്യ നാലായി ഉയർന്നു. അതേസമയം സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണെന്നും തിരച്ചിൽ നടക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.അനന്ത്നാഗിലെ കോക്കർനാഗ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഏറ്റുമുട്ടൽ തുടരുന്നതിടെ ഒരു കേണൽ, മേജർ, ഒരു ജമ്മു കശ്മീർ പോലീസ് ഡിഎസ്പി എന്നിവർ കൊല്ലപ്പെട്ടിരുന്നു.
കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ്, ഡിഎസ്പി ഹുമയൂൺ ഭട്ട് എന്നിവർ കൊല്ലപ്പെട്ട നാല് ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. എന്നാൽ ഇന്ന് ജീവൻ നഷ്ടപ്പെട്ട നാലാമത്തെ സൈനികൻ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യം ഏറ്റുമുട്ടൽ നയിക്കുന്നുണ്ടെന്നും ഒളിത്താവളത്തിൽ ഭീകരർക്കായി തിരച്ചിൽ നടത്തുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരർ വെടിയുതിർത്തതോടെ കേണൽ തൽക്ഷണം കൊല്ലപ്പെടുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ശ്രീനഗറിലെ ആശുപത്രിയിൽ വച്ചാണ് ഇവർ മരണപ്പെട്ടത്. അതേസമയം ലഷ്കർ പ്രോക്സിയായ ‘ദ റെസിസ്റ്റൻസ് ഫ്രണ്ടിൽ’ നിന്നുള്ളവരാണ് ഭീകരരെന്ന് കരുതുന്നു.


