കോട്ടുക്കല്‍ വയലയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോഷി ജെല്സ്സി ദമ്പതികളുടെ 15 വയസുകാരനായ മകന് ജെറിന് ജോഷിയാണ് വീടിനുള്ളിലെ മുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വയലാ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 10 ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജെറിന് ജോഷി. എല്ലാ ദിവസവും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്ന ജെറിന് ജോഷിയെ രാവിലെ 5:30 ഓടെ പതിവുപോലെ പഠിക്കാന്‍ വീട്ടുകാര്‍ വിളിച്ചു. എന്നാല്‍ ഏറെ വിളിച്ചിട്ടും മറുപടി ഇല്ലാത്തതിനെ തുടര്‍ന്ന് ജെറിന്റെ അച്ഛനും സഹോദരനും കൂടി കതക് ചവിട്ടി തുറന്നപ്പോഴാണ് മുറിയിലെ ഫാനില്‍ ബഡ്ഷീറ്റ് ഉപയോഗിച്ചു തൂങ്ങിനില്‍ക്കുന്ന ജെറിനെ കണ്ടത്.
ഉടന്‍ തന്നെ കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കടയ്ക്കല്‍ സിഐ രാജേഷ്, എസ്.ഐ സജു എന്നിവരുടെ നേതൃത്വത്തില്‍ ജെറിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ബുക്കില്‍ ജീവിതം മടുത്തു, ഗുഡ് ബൈ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും മരണകാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് സംഘം അറിയിച്ചു.