പെരുമ്പാവൂര്‍: മുന്‍മന്ത്രിയും നിയമസഭ സ്പീക്കറും ദീര്‍ഘകാലം യു ഡി എഫ് കണ്‍വീനറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി പി തങ്കച്ചന് (86) അന്തരിച്ചു. ഏറെ കാലമായി വാര്‍ധക്യ സഹജമായ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്. യു ഡി എഫ് കണ്‍വീനറായിരിക്കെ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു തങ്കച്ചന്, . 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യു ഡി എഫ് കണ്‍വീനറായി. കെ പി സി സി പ്രഡിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ റവ. ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ് എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. ഇതിനിടയില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയും നേടി.
1968ല്‍ പെരുമ്പാവൂര്‍ മുനിസിപാലിറ്റിയുടെ ചെയര്‍മാനായാണ് പൊതു പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്പറേഷന് ചെയര്‍മാനായിരുന്നു തങ്കച്ചന്. 1968 മുതല്‍ 1980 വരെ പെരുമ്പാവൂര്‍ കോര്പറേഷന് കൗണ്‍സില്‍ അംഗമായി 1977 മുതല്‍ 1989 വരെ എറണാകുളം ഡി സി സി പ്രസിഡന്റ്, 1980- 1982 കാലത്ത് പെരുമ്പാവൂര്‍ കോര്പറേഷന് പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1982ല്‍ പെരുമ്പാവൂരില്‍ നിന്ന് ആദ്യമായി നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന 1987, 1991, 1996 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പെരുമ്പാവൂരില്‍ നിന്ന് തന്നെ നിയമസഭയിലെത്തി. 1987 മുതല്‍ 1991 വരെ കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് സി പി എമ്മിലെ സാജു പോളിനോടും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ നിന്ന് സി പി എമ്മിലെ എം എം മോനായിയോട് പരാജയപ്പെട്ടു. 1991- 1995ലെ കെ കരുണാകരന് മന്ത്രിസഭയില്‍ സ്പീക്കറായി. 1995-1996ലെ എ കെ ആന്റണി മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായി. 1996- 2001ലെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തങ്കച്ചന്റെ നിര്യാണത്തില്‍ മുഖ്യന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലീം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,മന്ത്രിമാര്‍, മറ്റ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.


