വരാപ്പുഴ: വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തില്‍ കേരള പൊലീസിനെ അപ്പാടെ പ്രതിക്കൂട്ടിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശ്രീജിത്ത് ആളുമാറിയെന്നാണ് ആത്മഹത്യ ചെയ്ത ഗൃഹനാഥന് വാസുദേവന്റെ മകന് വിനീഷ് വെളിപ്പെടുത്തിയത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെ. മരിച്ച ശ്രീജിത്തിനെതിരെ തങ്ങള്‍ പരാതിപ്പെട്ടിട്ടുമില്ല. പ്രതി മറ്റൊരു ശ്രീജിത്താണെന്നും വിനീഷ് പറഞ്ഞു.
‘അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു. മരിച്ച ശ്രീജിത്ത് വീട് ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ആളല്ല’, മരണപ്പെട്ട ശ്രീജിത്ത് തന്റെ സുഹൃത്തായിരുന്നെന്നും അയാളുമായി ഒരുവിധ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിനീഷ് വെളിപ്പെടുത്തി. വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന്റെ പേര് പോലീസിനോട് പറഞ്ഞിരുന്നില്ലെന്നും വിനീഷ് പറഞ്ഞു.
കസ്റ്റഡി മര്‍ദനത്തില്‍ മരിച്ചത് ഷേണായിപ്പറമ്പില്‍ ശ്രീജിത്താണ്. ഇവരുടെ പരാതിയാകട്ടെ ശശിയുടെ മകന് ശ്രീജിത്തിനെതിരെയും. കേരള പൊലീസിനെ അപ്പാടെ പ്രതിക്കൂട്ടിലാക്കുന്നതാണ് വിനീഷിന്റെ വെളിപ്പെടുത്തല്‍. പൊലീസ് പിടികൂടിയത് യഥാര്‍ഥ പ്രതിയെ അല്ലെന്ന് അയല്‍വാസി രഞ്ജിത് പൈയും പറഞ്ഞു. ഈ സമയത്ത് ശ്രീജിത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം വരാപ്പുഴയില്‍ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് വിനീഷിന്റെ അച്ഛന് വാസുദേവന്‍ തൂങ്ങിമരിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവായിരുന്നു ശ്രീജിത്ത്. ഇന്നലെ സന്ധ്യയോടെയാണ് മരിച്ചത്.
ശ്രീജിത്തിന് അടിവയറ്റില്‍ കടുത്ത ആഘാതമേറ്റെന്നും ഇതാണ് ആരോഗ്യനില വഷളാക്കിയതെന്നും വ്യക്തമാക്കി ചികില്സാരേഖ അല്പം മുന്‍പ് പുറത്തുവന്നിരുന്നു. ചെറുകുടലില്‍ നീളത്തില്‍ മുറിവുമുണ്ട്. ആഘാതമേറ്റതോടെ വിവിധ ആന്തരികാവയവങ്ങളും പ്രവര്‍ത്തനരഹിതമായെന്ന് രേഖ പറയുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനെ കൂടുതല്‍ കുരുക്കിലാക്കി വിനീഷിന്റെ വെളിപ്പെടുത്തലും പുറത്തുവരുന്നത്.