തൃശൂര്‍: ഓട്ടന്തുള്ളല് കലാകാരി കലാമണ്ഡലം ദേവകി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്. ക്ലാസ്സിക്കല്‍ നൃത്തവും കഥകളിയും ചെയ്തിരുന്നു. തുള്ളല്‍ക്കലയിലെ ആദ്യ വനിത കൂടിയാണ് കലാമണ്ഡലം ദേവകി.കേരള സംഗീത നാടക അക്കാദമി പുരസ്കാരവും ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ നെല്ലുവായി എന്ന ഗ്രാമത്തിലാണ് ദേവകി ജനിച്ചത്. അമ്മാവന് കലാമണ്ഡലം ഗോപാലന് നായര്‍ കഥകളി നടനും അദ്ധ്യാപകനുമായിരുന്നു. പിതാവ് കടമ്പൂര് ദാമോദരന്‍ നായര്‍ കോട്ടക്കലിലെ ഒരു നടനും ഭാഗവതരുമായിരുന്നു. ചെറുപ്രായം മുതല്‍ നെല്ലുവായിയിലെ ലളിത കലാലയത്തില്‍ നൃത്ത പരിശീലനം നടത്തിയികരുന്നു. 1960-ല്‍ കേരള കലാമണ്ഡലത്തില്‍ ശാസ്ത്രീയ നൃത്തം പഠിക്കാനാണ് ദേവകി ആദ്യം എത്തുന്നത്. എന്നാല്‍ പ്രായപരിധി കഴിഞ്ഞതിനാല്‍ അപേക്ഷ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരസിക്കപ്പെട്ടു.
നിരാശയോടെ പിതാവിന്റെ കൈ പിടിച്ച് തിരികെ പോകാനൊരുങ്ങുമ്പോളാണ് ഭാഗവതരെ തിരിച്ചറിഞ്ഞ കൃഷ്ണന്‍കുട്ടി പൊതുവാള് ദേവകിയോട് ‘നിങ്ങള്‍ക്ക് ഓട്ടന്തുള്ളല് പഠിക്കാന്‍ താല്‍പ്പര്യമുണ്ടോ?’ എന്ന് ചോദിച്ചത്. അങ്ങനെയാണ് തുള്ളല്‍ പഠിനത്തിലേക്ക് ദേവകി എത്തുന്നത്.പന്ത്രണ്ടാം വയസില്‍, കേരള കലാമണ്ഡലത്തില്‍ തുള്ളല്‍ പഠിക്കാന്‍ ചേര്‍ന്ന അവര്‍ 1961-ല്‍ ആയിരുന്നു അരങ്ങേറ്റം നടത്തി. ‘പാത്രചരിതം’ ആണ് അരങ്ങില്‍ അവതരിപ്പിച്ചത്.
1972 ല്‍ മദ്ദളം കലാകാരനായ കലാമണ്ഡലം നാരായണന് നായര്‍ നെല്ലുവായിയെ ദേവകി വിവാഹം കഴിച്ചു. 1964 ല്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് ബിരുദം നേടിയ ശേഷം, ഫ്രഞ്ച് കഥകളി അധ്യാപികയായ മിലേന സാല്‍വിനി പാരീസില്‍ ഓട്ടംതുള്ളല്‍ അവതരിപ്പിക്കാന്‍ ദേവകിയെ ക്ഷണിച്ചു. പിന്നീട് കലാമണ്ഡലത്തില്‍ അദ്ധ്യാപികയായി ചേര്‍ന്നു, അവിടെ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. ദേവകി തുള്ളല്‍ കലാകാരിയെന്ന നിലയിലും തുള്ളല്‍ ഗുരു എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു. പിന്നീട് ധന്വന്തരി കലാക്ഷേത്രം എന്ന സ്വന്തം നൃത്തസ്ഥാപനം സ്ഥാപിച്ചു.