ലളിത സുന്ദരമായ നിരവധി ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അനശ്വരഗാനങ്ങളുടെ അമരക്കാരനാണ് ശ്രീകുമാരന്‍ തമ്പി. ഓരോ തവണയും അദ്ദേഹത്തിന്റെ തൂലികയില്‍ വിരിയുന്ന വാക്കുകള്‍ ആ രചനാവൈഭവത്തെ അടയാളപ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട സംഗീത പ്രയാണത്തില്‍ മലയാളത്തിന് ലഭിച്ചത് എണ്ണമറ്റ മനോഹര ഗാനങ്ങള്‍. കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും ഏറ്റവുമധികം എഴുതിയിട്ടുള്ള കവിയും ഗാനരചയിതാവും ആണ് ശ്രീകുമാരന്‍ തമ്പി. കേരളത്തിന്റെ സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയവുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിക്കുന്നു.
മലയാളത്തിലെ സംസ്കാരത്തെയും കേരളത്തിലെ അനുഷ്ഠാന കലകളെയും നമ്മുടെ സംസ്കാരത്തിന്റെ പ്രത്യേകതകളെയുമൊക്കെ വിശദമാക്കുന്നതിനായും പുതിയ തലമുറയ്ക്ക് അത് പകര്‍ന്നു കൊടുക്കുന്നതിനായും കേരളീയം എന്ന പേരില്‍ സര്‍ക്കാര്‍ ഒരു മഹോത്സവം സംഘടിപ്പിക്കുകയാണ്.
നമ്മുടെ മലയാളത്തില്‍ മാത്രമായി ഒരു പ്രത്യേക സംസ്കാരമുണ്ട്. ആ സംസ്കാരം ഏറ്റവും ഉജ്ജ്വലമായി ശോഭിക്കുന്നത് തിരുവോണാഘോഷത്തിലൂടെയാണ്. തിരുവോണം എന്ന സങ്കല്‍പ്പം-അതിനു പിന്നിലുള്ള മഹാബലി, പരശുരാമന്, മഴു തുടങ്ങിയ കഥാപാത്രങ്ങളെയും വസ്തുക്കളെയുമൊക്കെ വിസമരിച്ചുകൊണ്ട് പറഞ്ഞാല്‍ സ്ഥിതി സമത്വ സിദ്ധാന്തം. അതായത് കാള്‍ മാര്‍ക്സുപോലും ഭാവനയില്‍ കാണുന്നതിനു മുന്‍പ് ലോകത്തെ മനുഷ്യരെല്ലാരും ഉച്ചനീചത്വങ്ങളില്ലാതെ ഒരു പോലെ ജീവിക്കണമെന്ന് സ്വപ്നം കണ്ടവരാണ് മലയാളികള്‍. അതാണ് നമ്മള് വ്യത്യസ്തരാണെന്ന് പറയാന്‍ കാരണം. കാരണം തിരുവോണാഘോഷത്തിന് പിന്നില്‍ എത്ര കഥകളുണ്ടെങ്കിലും എത്ര ഐതിഹ്യങ്ങളുണ്ടെങ്കിലും മാനുഷരെല്ലാരും ഒന്നു പോലെയെന്നാണ് നമ്മള് പാടുന്നത്. മാനുഷരെല്ലാരും ഒന്നു പോലെയാകണം എന്ന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞവരാണ് മലയാളികള്‍. അതാണ് നമ്മുടെ സംസ്കാരത്തിന്റെ തനിമ. ഈ സംസ്കാരത്തിന്റെ വികാസ പരിണാമങ്ങള്‍ ശ്രദ്ധേയമാണ്. മലയാളിയുടെ സംസ്കാരത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ ഇപ്പോള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
സ്ഥിതി സമത്വ സിദ്ധാന്തം തിരുവോണമാക്കിയ നമ്മള് എങ്ങനെയാണ് ജീവിച്ചിരുന്നത് ? നമ്മുടെ അനുഷ്ഠാന കലകള്‍ എന്തൊക്കെയായിരുന്നു? നമ്മുടെ ജീവിതരീതികളെന്തൊക്കെയായിരുന്നു? തുടങ്ങിയവയൊക്കെ വീണ്ടും ഓര്‍മ്മിക്കാന്‍ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ മലയാളികളല്ലാത്ത ആളുകളെ നമ്മുടെ സംസ്കാരത്തിലേക്ക് ആകര്‍ഷിക്കാനുമൊക്കെ കേരളീയം എന്ന മഹോത്സവം പ്രയോജനപ്പെടും.
തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളില്‍ കനകക്കുന്നില്‍, ഭാരത് ഭവന്, ടാഗോര്‍ തിയേറ്റര്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താനാണ് ശ്രമിക്കുന്നത്. സെമിനാറുകള്‍, സാഹിത്യ സെമിനാറുകള്‍, കലാസാംസ്കാരിക പരിപാടികള്‍, പ്രഭാഷണങ്ങള്‍, ദൃശ്യകലകള്‍, മതേതരത്വത്തെ വിളബരം ചെയ്യുന്ന കലകള്‍ ഇവയെല്ലാം അവതരിപ്പിക്കും. നമ്മുടെ സംസ്കാരത്തിലേക്കും പഴമയിലേക്കുമുള്ള തിരിച്ചുപോക്കു കൂടിയാണ് ഈ ഉത്സവം. പുതിയ തലമുറയ്ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. നമ്മുടെ നാടിന് വലിയൊരു പൈതൃകമുണ്ട്. വലിയ സാംസ്കാരിക പാരമ്പര്യമുണ്ട്. നമ്മുടെ പല പഴയ കലാരൂപങ്ങളും അന്യം നിന്നു പോയി. എന്റെ കുട്ടിക്കാലത്ത് കൈയില്‍ വെണ്‍ചാമരം പോലെയൊരു ഉപകരണവുമായി വന്ന് പാട്ടുപാടുന്ന കൂട്ടരുണ്ടായിരുന്നു. വീട്ടിലെ അംഗങ്ങളുടെ പേരൊക്കെ ഉള്‍ക്കൊള്ളിച്ച് അപ്പോള്‍ ഉണ്ടാക്കി പാടുന്ന പാട്ടാണത്. ഈ മാസം നന്നായിരിക്കണമെന്നാണ് പാട്ടിലൂടെ പറയുന്നത്. ഇന്ന് അങ്ങനെയൊന്നില്ല. വിശിഷ്ടമായ നിരവധി ആചാരങ്ങള്‍ നമുക്കുണ്ടായിരുന്നു. വളരെ പോസിറ്റീവായാണ് നാം ജീവിതത്തെ കണ്ടിരുന്നത്. ഇതൊക്കെ തിരിച്ചറിയാനും മനസിലാക്കാനും ഈ ഏഴു ദിവസങ്ങള്‍ കൊണ്ട് സാധിക്കും. കേരളീയം ഈ വര്‍ഷം കൊണ്ട് അവസാനിക്കുന്നതല്ല. എല്ലാ വര്‍ഷവും തുടരും.
നവംബര്‍ 1 ഐക്യകേരള ദിനമാണ്. ഞാന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്ന് നാട്ടുരാജ്യങ്ങള്‍ വെവ്വേറയായിരുന്നു. തിരുവിതാംകൂറും കൊച്ചിയും ഓരോ രാജവംശം ഭരിക്കുന്നു. മലബാര്‍ ബ്രിട്ടീഷുകാരുടെ കൈയിലും. മലബാറിന്റെ തലസ്ഥാനം മദ്രാസ് ആയിരുന്ന കാലഘട്ടത്തിലാണ് ഞാന്‍ ജനിക്കുന്നത്. ഒന്നിലും രണ്ടിലും പഠിക്കുമ്പോള്‍ പാടിയിരുന്നത് തിരുവിതാകൂര്‍ മഹാരാജാവിനെക്കുറിച്ചുള്ള വഞ്ചീശമംഗളം ആണ്. ജനഗണമന അല്ല. ആ കാലഘട്ടത്തില്‍ പി. ഭാസ്കരന് എന്ന കവി പദം പദം ഉറച്ചുനാം പാടി പാടി പോകുക പാരില്‍ ഐക്യകേരളത്തിന് കാഹളം മുഴക്കുവാന്‍- ഒരിക്കല്‍ കേരളം ഒരുമിക്കുമെന്ന് ആ കവി സ്വപ്നം കണ്ടു. അദ്ദേഹം 18 വയസില്‍ ഏഴുതിയ പാട്ടാണത്. അത് കേരളത്തില്‍ അന്ന് രാഷ്ട്രീയ കക്ഷികളൊക്കെ ജാഥകളില്‍ പാടുമായിരുന്നു. അന്ന് മൂന്നായി മുറിഞ്ഞു കിടന്ന സംസ്ഥാനത്തെ ഒന്നായി സ്വപ്നം കണ്ടയാളാണ് പി. ഭാസ്കരന്. അതാണ് കവികളുടെ പ്രത്യേകത. തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരകൊച്ചിയായി. മലബാറും കൂടി ചേര്‍ന്ന് കേരളമായി. 1956 നവംബര്‍ ന് പി. ഭാസ്കരന് ഒരിക്കല്‍ കണ്ട സ്വപ്നം പൂവണിഞ്ഞു. കന്യാകുമാരി നഷ്ടപ്പെട്ടതൊക്കെ ദുഖകരമാണ്. ഏതായാലും കേരളം ഒന്നായി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ചേര്‍ന്ന് മലയാളം സംസാരിക്കുന്നവരുടെ സംസ്ഥാനമായിയ മാറി. ആ മലയാള സംസ്കാരത്തെ കൂടുതല്‍ ഉജ്ജ്വലമാക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ദൃശ്യ, ശ്രാവ്യ കലകളുടെ പ്രകടനത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്കുന്ന പരിപാടികളിലൂടെയുമൊക്കെ കേരളീയം ആഘോഷിക്കുകയാണ്. ഒരുമയോടെ ഈ ഉത്സവത്തെ സ്വാഗതം ചെയ്യുക, ആഘോഷമാക്കുക