ഇലന്തൂര്‍ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ജനുവരി ഇരുപത്തി ഒന്നിന് കോടതിയില്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ആദ്യ കുറ്റപത്രം ജനുവരി 6 ന് എറണാകുളം ജെ എഫ് സി എം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരാണ് പ്രതികള്‍. പത്തിനംതിട്ട ഇലന്തൂരില്‍ വച്ച് കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് 21 ന് സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 8 ന് ആണ് മുഹമ്മദ് ഷാഫി റോസിലിയെ തട്ടിക്കൊണ്ടുപോയി തിരുമല്വിദഗ്ദനായ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്. ഷാഫിയും, ഭഗവല്‍ സിംഗും, ഇയാളുടെ ഭാര്യ ലൈലയും ചേര്‍ന്ന് റോസിലിയെ നരബലി നടത്തി, കൊലപ്പെടുത്തുകയും, തുടര്‍ന്ന് കഷണങ്ങളാക്കി കുഴിച്ച് മൂടുകയും മനുക്ഷ്യ മാംസം പാചകം ചെയ്തു കഴിക്കുകയും ചെയ്തുവെന്നതാണ് കേസിനാസ്പദമായ സംഭവം.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ്.പി ടി.ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ പോലീസ് ടീമാണ് കേസ് അന്വേഷിച്ചത്.
നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന ഈ കേസിലേക്ക് സാഹചര്യത്തെളിവുകളും, ശാസ്ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് തൊണ്ണൂറ് ദിവസത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.


