സഭാ ഭൂമിയിടപാടില്‍ നേരിട്ട് ഹാജരാകാന്‍ സാവകാശം വേണമെന്ന കര്‍ദിനാളിന്റെ ആവശ്യം കാക്കനാട് കോടതി അംഗീകരിച്ചു. എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതി ജനുവരി 18 ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ജനുവരി 18ന് കര്‍ദിനാള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം.
നേരിട്ടു ഹാജരാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യത്തില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല.
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്കിയ ഹര്‍ജി ഉള്‍പ്പടെ ജനുവരി രണ്ടാം വാരം കേള്‍ക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകള്‍ നല്കിയ ഹര്‍ജിയുടെ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.


