കണ്ണൂര്‍ മാടായിപ്പാറയില്‍ പിഴുതുമാറ്റിയ കെ റെയില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേ കല്ലിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് കേസെടുത്ത സംഭവത്തില്‍ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പി പി രാഹുല്‍. തനിക്കെതിരെ മാത്രം കലാപാഹ്വാനത്തിന് കേസെടുത്തത് മനപൂര്‍വ്വമാണെന്ന് രാഹുല്‍ പറഞ്ഞു.
കേരളത്തില്‍ നിരവധി പേര് സമാനമായ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. പഴയങ്ങാടി പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും പരാതി കൊടുത്ത ആള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
സിപിഎം പ്രവര്ത്തകന് ജനാര്‍ദ്ധന്റെ പരാതിയിലാണ് ചെറുകുന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു.
മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. എത്ര കേസെടുത്താലും പോസ്റ്റ് പിന്‍വലിക്കില്ലെന്നും ഇതിന് പിന്നില്‍ സിപിഎം നേതൃത്വം ആണെന്നും രാഹുല്‍ പറഞ്ഞു.


