മൂവാറ്റുപുഴ : മണിപ്പൂര്‍ കത്തിഎരിഞ്ഞിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്കെതിരെ മുവാറ്റുപുഴയില്‍ മൗനംകൊണ്ട് പ്രതിഷേധം ഒരുക്കി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ. സെക്കുലര്‍ മാര്‍ച്ചിന് നേത്യത്വം കൊടുത്ത പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വി.ടി ബല്‍റാം പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ സമരത്തിന്റെ ഭാഗമാകും. .
മണിപ്പൂരില്‍ വംശീയ പീഡനം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മാത്യു കുഴല്‍ നാടന്‍ എം എല്‍ എയുടെ നേത്യത്വത്തില്‍ ജാഗോ ഭാരത് (ഉണരൂ ഭാരതമേ )എന്ന പേരില്‍ മിണ്ടാതുരിയാടാതുപവാസം നടത്തുന്നത്. ജൂലൈ 8 ന് രാവിലെ 10 മുതല്‍ 9 ന് രാവിലെ 10 വരെ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തായാണ് ഉപവാസം .
പ്രാര്‍ത്ഥനാ സദസ്, ഐക്യദാര്‍ഡ്യ റാലി , മതേതര സംഗമം എന്നിവ നടക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണു ഗോപാല്‍ എം.പി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വിവിധ മതമേലധ്യഷന്മാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിതികളും പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ മൗനം ദുരുഹമാണന്ന് എം എല്‍ എ പറഞ്ഞു. നൂറു കണക്കിന് ദേവാലയങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. നാല്‍പ്പതിനായിരം കുടുംബങ്ങള്‍ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്തു. എന്നിട്ടും പ്രധാനമന്ത്രിയും ഭരണകൂടവും കാണിക്കൂന്ന നിശബ്ദത നാടിനെ കൂടുതല്‍ അശാന്തിയിലേക്ക് തള്ളിവിടുകയാണന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ കുറ്റപ്പെടുത്തി.