ന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി അബ്ദുല്‍ നാസര്‍ മദനി നല്കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. വിചാരണയുടെ അന്തിമവാദം മാത്രമാണ് ബാക്കിയുള്ളതെന്നും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തനിക്ക് ആയുര്‍വേദ ചികിത്സ ആവശ്യമാണെന്നും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഒരു ഇളവും അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അന്തിമവാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ ബെംഗളൂരുവില്‍ തന്നെ മദനി തുടരേണ്ട ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു. വിചാരണ പൂര്‍ത്തിയാക്കുകയും ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന സൂചനയും സുപ്രീംകോടതി നല്കി.
ഇതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ മറുപടി നല്കാന് രണ്ടാഴ്ച്ച സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹര്‍ജി ഏപ്രില്‍ 13ലേക്ക് മാറ്റിയത്. മദനിക്കായി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍, ഹാരീസ് ബീരാന് എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരായി.