ന്യൂഡല്‍ഹി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്കി സുപ്രീം കോടതി. മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. കേരളത്തില്‍ കഴിയുന്ന പിതാവിനെ കാണാന്‍ വരാനാണ് കോടതി അനുമതി നല്‍കിയത്. ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ജാമ്യത്തില്‍ കഴിയുകയായിരുന്ന മഅ്ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും തനിക്ക് പിതാവിനെ കാണാന്‍ അവസരം നല്‍കണമെന്നും മഅ്ദനി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും മഅ്ദനി കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു.


