തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു കേസില്‍ കൂടി ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പൊതുമുതല്‍ നശിപ്പിച്ചതിന് കോടതി പറഞ്ഞ തുക കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
ഡിജിപി ഓഫീസ് മാര്‍ച്ച് കേസിലെ ജാമ്യാപേക്ഷ കോടതി ഉടന്‍ പരിഗണിക്കും. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ രാഹുല്‍ ജയില്‍മോചിതനാകും. രണ്ട് മാര്ച്ചുകളിലായി നാല് കേസുകളാണ് രാഹുലിനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നത്. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പോലീസുകാരെ ആക്രമിച്ചു എന്നതടക്കമുള്ള ഗുരുതരവകുപ്പുകള്‍ ചുമത്തിയിരുന്ന കേസിലാണ് നിലവില്‍ ജാമ്യം ലഭിച്ചത്. മറ്റ് രണ്ട് കേസുകളില്‍ ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു.