കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ ഈ ഡി അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഡിവിഷന് ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പത്തു കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചു എന്നാണ് ഇബ്രാഹീം കുഞ്ഞിനെതിരായുള്ള ആരോപണം.
കള്ളപ്പണ ഇടപാടില്‍ അന്വേഷണം വേണം എന്ന ഈഡിയുടെ വാദം കോടതി അംഗീകരിച്ചു.കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. സിംഗില്‍ ബഞ്ചാണ് അന്ന് ഈഡി അന്വേഷണത്തിന് ഉത്തരവിട്ടത്. ആ ഉത്തരവ് പിന്നീട് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ഇബ്രാഹീം കുഞ്ഞിനെതിരെ സ്വമേധയാ കേസെടുത്ത് ഈഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


