എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. നാലാഴ്ചക്കകം നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ദുരിത ബാധിതരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കോടതിയുടെ ഇടപെടലിലൂടെ നഷ്ടപരിഹാരം ലഭിക്കുന്നത്.
2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും തുടര്‍ന്ന് 2017ല്‍ സുപ്രിംകോടതിയും ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് വിധിച്ചിരുന്നു. എന്നാല്‍ അര്‍ഹരായ എല്ലാ ദുരിത ബാധിതര്‍ക്കും മുഴുവന്‍ നഷ്ടപരിഹാരത്തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മ കോടതിയലക്ഷ്യ ഹര്‍ജി നല്കി. ഇതിലാണ് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചത്.
നഷ്ടപരിഹാരം നല്കാന് 200 കോടി രൂപ അനുവദിച്ച് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കിടപ്പു രോഗികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, അംഗവൈകല്യം സംഭവിച്ചവര്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. നിലവില്‍ 6728 പേരാണ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. ഇതില്‍ 3,714 പേര്‍ക്കു 5 ലക്ഷം രൂപയും 1,568 പേര്‍ക്ക് 2 ലക്ഷം രൂപയും നല്‍കാനുണ്ട്.


