അയോധ്യ: രാമക്ഷേത്ര പരിസരത്തും ‘പാഞ്ച്കോസി പരിക്രമ’ യാത്രയുടെ ഭാഗമായ പ്രദേശങ്ങളിലും നോൺ- വെജ് ഭക്ഷണവിതരണം പാടില്ലെന്ന് ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ. നിരീക്ഷണം ശക്തമാക്കുമെന്നും നിയമംലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകൾ വഴിയും ഇവിടങ്ങളിൽ മാംസാഹാരം വിതരണം ചെയ്യാൻ പാടില്ല.
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. അയോധ്യയിലും പരിസരത്തും എത്തുന്ന സഞ്ചാരികൾ ഓൺലൈൻ വഴി മാംസാഹാരം ഓർഡർ ചെയ്യുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇവിടങ്ങളിൽ ഹോട്ടൽ, റസ്റ്ററന്റുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോംസ്റ്റേകൾ എന്നിവക്ക് നിലവിൽ മാംസാഹാര വിലക്കുണ്ട്. കഴിഞ്ഞ മേയ് മുതലാണ് മദ്യത്തിനും മാംസാഹാര വിൽപ്പന നടത്തുന്ന കടകൾക്കും വിലക്കേർപ്പെടുത്തിയത്.


