മൂവാറ്റുപുഴ: നഗര വികസനത്തിലെ മെല്ലെപ്പോക്കിനെതിരെ നല്കിയ ഹര്‍ജിയില്‍ കെ ആർ എഫ് ബി ചീഫ് എന്‍ജിനീയറോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിഥിന് ജാംദാറും ജസ്റ്റിസ് ബസന്ത് ബാലിജിയും അടങ്ങുന്ന ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നഗര റോഡ് വികസനം അനന്തമായി നീളുന്നതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷനു വേണ്ടി സെക്രട്ടറിയും അഭിഭാഷകനുമായ ഒ.വി. അനീഷ് , അഡ്വ. റാം മോഹൻ എന്നിവർ സമർപ്പിച്ച ഹര്‍ജിയിലാണ് നടപടി.
നേരത്തെ കോടതിയില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സമര്‍പ്പിച്ച വിശദീകരണം തള്ളിക്കൊണ്ടാണ് കെ ആർ എഫ് ബി ചീഫ് എന്‍ജിനീയറോട് സത്യവാങ്ങ് മൂലം ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. (കെആര്‍എഫ്ബി) ചീഫ് എഞ്ചിനീയര്‍ – ഈ വിഷയം പരിശോധിക്കാനും, എക്സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്ന് ആവശ്യമായ രേഖകള്‍ ആവശ്യപ്പെടാനും, അത് പരിശോധിച്ച ശേഷം, ബന്ധപ്പെട്ട ജോലിയെക്കുറിച്ച് ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാനുമാണ് നിര്‍ദേശം. മൂന്നാം പ്രതി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്കിയ വിശദീകരണത്തില്‍ തൃപ്തിയില്ലാത്തതിനാലാണു നടപടി .
നഗര വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പൊളിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിലവില്‍ ജനങ്ങള്‍ വലിയ ദുരിതമാണ് നേരിടുന്നത്. ഇത് ഉദ്യോഗസ്ഥന്മാരുടെയും കരാറുകാരുടെയും നിരുത്തരവാദപരമായ പ്രവൃത്തികള്‍ മൂലമാണെന്നായിരുന്നു ഹര്‍ജി. ജല അതോറിറ്റിയെ മാത്രം കുറ്റപ്പെടുത്തുന്ന നിലയിലാണ് കെആര്‍എഫ്ബി മറുപടി നല്‍കിയത്. പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചു റോഡ് കെആര്എഫബിക്കു വിട്ടുനല്‍കിയാല്‍ മാത്രമേ മറ്റു ജോലികള്‍ തുടങ്ങാന്‍ കഴിയുകയുള്ളൂ എന്നാണ് കെആര്‍എഫ്ബിയുടെ നിലപാട്.
നഗരത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കbന്നുതിന് മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് നിർദ്ദേശങ്ങൾ നൽകണമെന്നും കൂടാതെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കണമെന്നുമുള്ള ആവശ്യങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.