തിരുവനന്തപുരം: ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്കുപിന്നാലെ പുതിയ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ പുറത്തിറക്കുമ്പോൾ രണ്ട് ആണ്ട് നീണ്ട നിയമ പോരാട്ടം വിജയം വരിച്ചതിലുള്ള സന്തോഷത്തിലും ആശ്വാസത്തിലുമാണ് മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർസെക്കൻഡറി സ്കൂൾ മാനേജർ കമാൻഡർ സി കെ ഷാജി. കഴിഞ്ഞവർഷം വിധി അനുകൂലമായിരുന്നെങ്കിലും തുടർന്നെത്തിയ സർവീസ് സംഘടനകളുടെ ഭീക്ഷണിക്കു മുമ്പിൽ സർക്കാർ തീരുമാനം താൽക്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു. തുടർന്നാണ് ഷാജി ഈക്കുറി കോടതിയിൽ വീണ്ടും ഹർജിയുമായി എത്തിയത്.
വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടുവരേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മുന്നറിയിപ്പുനൽകിയിരുന്നു. ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്നതിനാൽ, കോടതിയലക്ഷ്യനടപടി ഒഴിവാക്കാൻ മന്ത്രി വി. ശിവൻകുട്ടി വെള്ളിയാഴ്ച അടിയന്തര വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗം വിളിച്ചുചേർത്ത് തീരുമാനം എടുക്കുകയായിരുന്നു.
പുതിയ സമയക്രമം അനുസരിച്ച് ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കും. എൽപി ക്ലാസുകാർക്ക് ഇത്തവണ അധികശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല.
എൽപിയിൽ 800 മണിക്കൂർ അധ്യയനസമയം ഇപ്പോൾത്തന്നെ ഉള്ളതിനാലാണ് അധിക ശനിയാഴ്ച ഒഴിവാക്കിയത്. യുപിയിൽ 1000 മണിക്കൂർ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകൾ. ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു. അരമണിക്കൂർ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല.
ആഴ്ചയിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തതരത്തിലാവും ശനിയാഴ്ചത്തെ ക്ലാസുകൾ. കലണ്ടർ തീരുമാനിച്ചത് ഹൈക്കോടതിയെ അറിയിക്കും. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനുപുറമേ, ടി.കെ.എ. ഷാഫി(കെഎസ്ടിഎ), ഒ.കെ. ജയകൃഷ്ണൻ (എകെഎസ്ടിയു), ഹരീഷ് കടവത്ത് (കെഎസ്ടിസി), തമീമുദ്ദീൻ (കെഎഎംഎ), എം.കെ. ബിജു (കെഎസ്ടിഎഫ്) തുടങ്ങിയവരും പങ്കെടുത്തു.


