ചോദിക്കാനുള്ളതൊക്കെ ഇവര്‍ ചോദിക്കട്ടെ എന്നിട്ട് ഞാന്‍ എഴുന്നേല്‍ക്കാം, ഇടവേള നിര്‍ബന്ധിച്ചിട്ടും കേള്‍ക്കാതെ കലിപ്പോടെ മോഹന്‍ലാല്‍
കൊച്ചി:അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്ഷുഭിതനായി ലാല്‍. ഏറെ നാടകീയമായ രംഗങ്ങളോടെ ആയിരുന്നു വാര്‍ത്ത സമ്മേളനം. സംഘടനയ്ക്കുള്ളിലെ പടലപിണക്കങ്ങളില്‍ താന്‍ ഏറെ അസ്വസ്ഥനാണെന്ന് ലാലിന്റെ ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. മാദ്ധ്യമങ്ങളോടുള്ള നീരസവും പത്രസമ്മേളനത്തില്‍ ഉടനീളം കണ്ടു. വാര്‍ത്താ സമ്മേളനം കളിഞ്ഞ് മറ്റ് അംഗങ്ങളെല്ലാം എഴുന്നേറ്റിട്ടും മോഹന്‍ലാല്‍ കസേരയില്‍ തന്നെ ഇരിക്കുകയായിരുന്നു. ‘നിറുത്തുവല്ലേ’ എന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചോദിച്ചപ്പോള്‍, മാദ്ധ്യമ പ്രവര്‍ത്തകരെ ചൂണ്ടി, ‘ഇവര്‍ക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കട്ടെ എന്നിട്ട് ഞാന്‍ എഴുന്നേല്‍ക്കാം’ എന്നാണ് ലാല്‍ പറഞ്ഞത്. ‘ലാല്‍ എഴുന്നേല്‍ക്കാം’ എന്ന് ജഗദീഷ് പറഞ്ഞപ്പോള്‍ ‘അവര്‍ പോകട്ടെ’ എന്നുപറഞ്ഞ് അവിടെ തന്നെ ഇരുന്നു.
പൊതുവെ ശാന്തനായി ചോദ്യങ്ങളെ കേള്‍ക്കുന്ന മോഹന്‍ലാല്‍ ഇന്ന് വാര്‍ത്താസമ്മേളനത്തിലുടനീളം അക്ഷമനായിരുന്നു. പലപ്പോഴും പുരികം ഉഴിഞ്ഞും, മുഖം പൊത്തിയുമൊക്കെയായിരുന്നു അമ്മയുടെ പ്രസിഡന്റിനെ കാണാന്‍ കഴിഞ്ഞത്.
എല്ലാ വിവാദങ്ങളും വ്യക്തിപരമായി തന്റെ നേര്‍ക്ക് നീളുന്നതില്‍ വിഷമമുണ്ടെന്ന് ലാല്‍ പ്രതികരിച്ചു. അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ സംതൃപ്തനല്ലെന്നും, തന്നെ എല്ലാവര്ക്കും ആവശ്യമുണ്ടെങ്കില്‍ മാത്രമെ ആ പദവിയില്‍ തുടരുകയുള്ളുവെന്നും വ്യക്തമാക്കി. ഒടുവില്‍ ‘കഴിഞ്ഞോ’ എന്ന് ചോദിച്ച് മാദ്ധ്യമപ്രവര്‍ത്തകരില്‍ ചിലരുടെ തോളില്‍ തട്ടി താരം നടന്നു നീങ്ങുകയായിരുന്നു.