കായംകുളം കൊച്ചുണ്ണിയിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപക്കിയായി മോഹന്‍ലാലും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് കൊച്ചുണ്ണിയില്‍ നായികയായി എത്തുന്നത്.
ഓണം റിലീസായി പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി മലയാളികള്‍ കാത്തിരിക്കുന്ന വമ്ബന്‍ സിനിമകളില്‍ ഒന്നാണ്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ചിത്രത്തിനായി ബിനോദ് പ്രധാന് ഛായാഗ്രഹണവും ദേശീയ പുരസ്കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ഏഇഇ രാജ്യങ്ങളിലും യൂറോപ്പിലും ഓഗസ്റ്റ് 16ന് ചിത്രം റിലീസ് ചെയ്യും. അതേസമയം റിലീസിന് മുമ്ബേ കൊച്ചുണ്ണി തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം വാരിക്കൂട്ടിയത് കോടികള്‍.
സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇറോസ് ഇന്റര്‍നാഷ്ണലാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്സ് ഇവര്‍ കരസ്ഥമാക്കിയത്. മ്യൂസിക്ക് റൈറ്റ്സും ഓള് ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിര്‍മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാര്‍.


