ഗാനഗന്ധര്വന് ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കയാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്. എണ്‍പത്തിമൂന്നാം വയസിലും തന്റെ സംഗീതയാത്ര അഭംഗുരം തുടരുകയാണ് ഡോ കെ ജെ യേശുദാസ്.
മലയാള ചലച്ചിത്ര ലോകത്ത് 62 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡോ. കെ ജെ യേശുദാസ് 1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് തന്റെ വിസ്മയ സംഗീത സപര്യക്ക് തുടക്കമിടുന്നത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന് ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്.
ശബ്ദവിന്യാസങ്ങളിലെ ചാരുതയും സ്വരപ്രകമ്പങ്ങളിലെ വൈവിധ്യങ്ങളും പല യേശുദാസുമാരെയാണ് കാലാകാലങ്ങളില്‍ മലയാളിയുടെ കേള്‍വിശീലങ്ങളില്‍ ഉള്‍ക്കൊള്ളിച്ചത്. ഇക്കാലത്തെ ഹിറ്റുചിത്രങ്ങളിലും യൗവനയുക്തമായ ആ ശബ്ദം നാം കേട്ടു.
ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും ഈ ഗായകന് സാന്നിദ്ധ്യമറിയിച്ചു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്ക്കാരം ഏറ്റവും കൂടുതല്‍ തവണ നേടി എന്ന ബഹുമതിയും ഇദ്ദേഹം സ്വന്തമാക്കി. കേരള, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും ഇദ്ദേഹം നേടിയിരുന്നു. മലയാളത്തെ പോലെ തന്നെ കര്‍ണാടക സംഗീതത്തിനും ഇദ്ദേഹം നിരവധി സംഭാവനകള്‍ നല്കി.
പിറന്നാളാഘോഷം ഇന്ന് കൊച്ചിയില്‍ പാടിവട്ടം അസീസിയ കണ്വെന്ഷന് സെന്ററില്‍ നടക്കും. മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലെ ഡാലസിലുള്ള യേശുദാസും ഭാര്യ പ്രഭയും ഡിജിറ്റല്‍ സ്ക്രീനിലൂടെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തിന് യേശുദാസിന്റെ പുതിയ പ്രണയഗാനം ‘തനിച്ചൊന്നുകാണാന്‍’ ആല്‍ബം മമ്മൂട്ടി പ്രകാശനം ചെയ്യും. യേശുദാസ് അക്കാദമിയാണ് സംഘാടകര്‍.
രാവിലെ 11-ന് സംഗീത-സാഹിത്യ-ചലച്ചിത്ര-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും സഹപാഠികളും സഹ കലാകാരന്മാരും പിന്നണി ഗായകരും സുഹൃത്തുക്കളും ഒന്നിച്ച് പിറന്നാള്‍ കേക്ക് മുറിക്കും. മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എം.പി., കളക്ടര്‍ രേണുരാജ്, എ.ഡി.ജി.പി. അജിത് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
ഗായക സംഘടനയായ ‘സമ’ത്തിന്റെ ആഭിമുഖ്യത്തില്‍, ഉണ്ണി മേനോന്, എം.ജി. ശ്രീകുമാര്‍, വിജയ് യേശുദാസ്, സുദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം ഗായികാ ഗായകന്മാര് ആശംസാ ഗീതാഞ്ജലി അര്‍പ്പിക്കും.
ഗാന രചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണന്, ആര്.കെ. ദാമോദരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഷിബു ചക്രവര്‍ത്തി, സംഗീത സംവിധായകരായ വിദ്യാധരന്, ബേണി ഇഗ്നേഷ്യസ്, ശരത്, ടി.എസ്. രാധാകൃഷ്ണന് എന്നിവര്‍ പിറന്നാള്‍ മംഗളങ്ങള്‍ നേരും. അസീസിയ കണ്വെന്ഷന് സെന്ററിലെ ആഘോഷ പരിപാടികള്‍ ക്ഷണിതാക്കള്‍ക്കു മാത്രമായുള്ളതാണെന്ന് യേശുദാസിന്റെ മാനേജരും ജന്മദിനാഘോഷ കമ്മിറ്റി കണ്‍വീനറുമായ അനില്‍കുമാര്‍ അറിയിച്ചു.
യേശുദാസ് പാടാത്ത ഇന്ത്യന്‍ ഭാഷകളില്ല. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. 2017ല്‍ പത്മവിഭൂഷണ്‍, 2002ല്‍ പത്മഭൂഷണ്‍, 1973ല്‍ പത്മശ്രീ എന്നീ ബഹുമതികള്‍ നല്കി രാജ്യം യേശുദാസിനെ ആദരിച്ചിട്ടുണ്ട്.


