ചാളമേരിയായി പ്രേക്ഷക മനസ്സിലേക്ക് കടന്ന് കൂടിയ അഭിനേത്രിയാണ് മോളി കണ്ണമാലി. ടെലിവിഷന്‍ ലോകത്ത് നിന്ന് സിനിമാ രംഗത്തേക്ക് കടന്നപ്പോഴും തന്റേതായ അഭിനയ മികവ് കാഴ്ചവച്ചു. മോളി കണ്ണമാലി ഹോളിവുഡിലേക്ക് പോകുകയാണ് എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത അത്ര സുഖകരമുള്ളതല്ല. മോളി കണ്ണമാലിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്ററിലാണ് നടി ഇപ്പോള്‍. മൂന്ന് ദിവസം മുന്‍പ് മോളി വീട്ടില്‍ ബോധം കെട്ട് വീഴുകയായിരുന്നു. കൊണ്ടുവന്ന അവസ്ഥയില്‍ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവില്‍ നിന്നും പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍ പറയുന്നതെന്നും മകന് ജോളി പറഞ്ഞു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും ജോളി പറയുന്നു. സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞു. ‘ഐസിയുവില്‍ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകള്‍ക്ക് 5000ത്തിന് പുറത്ത് കാശ് ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ’, എന്നും ജോളി പറഞ്ഞു.
ജോളിയുടെ ഗൂഗിള്‍ പേ നമ്പര്‍ : 8606171648
കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മോളി കണ്ണമാലി ചികിത്സയില്‍ ആണ്. രണ്ടാമത്തെ അറ്റാക്ക് വന്ന് തളര്‍ന്ന് പോയപ്പോഴും അസുഖത്തോട് പോരാടി മോളി തിരിച്ചുവന്നിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ദിയ സനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
ദിയ സനയുടെ പോസ്റ്റ്:
‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന് ജോളിയുടേതാണ് 8606171648. സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ’ എന്നാണ് ദിയ സനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
സത്രീധനം എന്ന സീരിയലിലൂടെയാണ് മോളി കണ്ണമാലിയുടെ അഭിനയാരങ്ങേറ്റം. സീരിയലില്‍ ചാളമേരി എന്ന നെഗറ്റീവ് വേഷത്തിലാണ് ആദ്യം മോളിയമ്മ എത്തിയത്. അത് ഹിറ്റായി. ടെലിവിഷന്‍ പ്രേമികള്‍ക്കിടയില്‍ മോളി കണ്ണമാലി എന്ന നടി ചാളമേരി എന്ന പേരില്‍ പ്രിയങ്കരിയായി.
പുതിയ തീരങ്ങള്‍ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെയാണ് മോളി കണ്ണമാലി സിനിമയിലേക്ക് അരങ്ങേറിയത്. അതിന് ശേഷം അന്നയും റസൂലും അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി, ലച്മി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായി വേഷം ചെയ്തു.
പ്രേക്ഷക മനസ്സില്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മോളി കണ്ണമാലി വേഷം അമര്‍ അക്ബര്‍ അന്തോണിയിലേതാണ്. പാഷാണം ഷാജിയുടെ അമ്മച്ചിയുടെ റോളിലാണ് എത്തിയത് എങ്കിലും കനിഹ മേനോന് ആയിട്ടാണ് മലയാളികള്‍ ഓര്‍ക്കുന്നത്. സെയിം ടു യു ബ്രോ എന്ന ഡയലോഗ് മോളി കണ്ണമാലിയ്ക്ക് സ്വന്തം.
അതിനിടയിലാണ് മോളി ഹോളിവുഡിലേക്ക് പോകുന്നു എന്ന വാര്‍ത്ത വന്നത്. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ചിത്രത്തിലൂടെ മോളി കണ്ണമാലി ഹോളിവുഡിലേക്ക് അരങ്ങേറുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തില്‍ മോളി കണ്ണമാലി അഭിനയിക്കുകയും ചെയ്തു.


