സി.എസ് വിനയന്, മലയാള സിനിമക്ക് ഒരു നവാഗത സംവിധായകന്. “നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്” എന്ന ചിത്രത്തിലൂടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍, സി.എസ് വിനയന് സംവിധായകന്റെ മേലാങ്കി അണിഞ്ഞു. മലയാള സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയാണ് സി.എസ് വിനയന് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.
നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി താരങ്ങളുടെ ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍, വിനയന്റെ മനസ്സില്‍ ഒരു സംവിധായകന്റെ ക്യാമറ കണ്ണ് ഉണ്ടായിരുന്നു, എന്നെങ്കിലും ഒരിക്കല്‍ താന്‍ മനസ്സില്‍ സൂക്ഷിക്കുന്ന തന്റെ ജീവനോപാധിയായ ക്യാമറയുമായി ബന്ധപ്പെട്ട ഒരു കഥ, സിനിമയാക്കണമെന്നും അത് സംവിധാനം ചെയ്യണമെന്നും, വിനയന് ആഗ്രഹിച്ചിരുന്നു. താന്‍ കാമറയില്‍ പകര്‍ത്തിയ താരങ്ങള്‍ തന്റെ കഥയിലെ കഥാപാത്രങ്ങള്‍ ആയി മാറുന്ന ഒരു കാലത്തെ കുറിച്ച് വിനയന് സ്വപ്നം കണ്ടിരുന്നു, പിന്നീട് അതിന്റെ സാക്ഷാല്‍ക്കാരത്തിനു വേണ്ടിയുള്ള പ്രയാണം ആയിരുന്നു, താന്‍ മനസ്സില്‍ കണ്ട കേന്ദ്ര കഥാപാത്രം ആകുവാന്‍ ഏറ്റവും അനുയോജ്യന്‍ ശ്രീനിവാസന് ആണെന്ന് തിരിച്ചറിഞ്ഞു അദ്ദേഹത്തോട് കഥ പറയുന്നു. പക്ഷെ സിനിമയില്‍ പതിവായുള്ള സാങ്കേതിക തടസ്സം മൂലം ചിത്രം ആരംഭിയ്ക്കാന്‍ കാല താമസം നേരിടുകയും പ്രതിഭാധനനായ ശ്രീനിവാസനെ തന്റെ ചിത്രത്തിന്റെ ഭാഗമാക്കുവാന്‍ കഴിയാതെ വരികയും ചെയ്തു.
എങ്കിലും തന്റെ ആദ്യ സംരംഭത്തിനു സര്‍വ പിന്തുണയും നല്കി വര്‍ണ്ണം കാറ്ററിങ് ഉടമ, ജലേഷ്യസ് ജി. ചിത്രത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തു ചിത്രീകണം ആരംഭിച്ചു. ചെറിയൊരു ചിത്രമാണ് താന്‍ സംവിധാനം ചെയ്തതെങ്കിലും ചിത്രീകരണ വേളയിലും തുടര്‍ന്നും നിരവധി പ്രതിസന്ധികള്‍, തരണം ചെയ്താണ് സിനിമ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്ന് വിനയന് പറഞ്ഞു. സഹപ്രവര്‍ത്തകരില്‍ നിന്നും ഏറെ മാനസിക സമ്മര്‍ദ്ദങ്ങള്‍ സഹിച്ചെങ്കിലും ഒരു പുതുമുഖ സംവിധായകന്റെ പതര്‍ച്ചയോ, തളര്‍ച്ചയോ ഇല്ലാതെ വെല്ലുവിളികള്‍ ഏറ്റെടുത്തു ചിത്രം പൂര്‍ത്തീകരിക്കുവാന്‍ സി.എസ് വിനയന് കഴിഞ്ഞു.
അങ്ങനെ ഒരു ക്യാമറയില്‍ നിന്നും ഉരുത്തിരിഞ്ഞു കുടുംബ പശ്ചാത്തലത്തിലൂടെ വികസിക്കുന്ന ഒരു കുറ്റാന്യോഷണ കഥയുടെ, ചലച്ചിത്രാവിഷ്കാരത്തിനു പരിസമാപ്തിയായി, ‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് ‘ എന്ന കൊച്ചു ചിത്രം ജനുവരി ആദ്യവാരത്തോടെ പ്രദര്‍ശന സജ്ജമായി തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ മറ്റൊരു, അവകാശവാദങ്ങളും ഉന്നയിച്ചു വരാത്തതാകണം തന്റെ അടുത്ത ചിത്രം എന്ന തിരിച്ചറിവോടെ സി.എസ് വിനയന് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ, പ്രാരംഭ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.


