പ്രശസ്ത സംവിധായകന് അനുരാഗ് കശ്യപിനെതിരെ പീഡനാരോപണവുമായി തെലുങ്ക് – ഹിന്ദി നടി പായല്‍ ഘോഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്. അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നുമായിരുന്നു പായല്‍ ആവശ്യപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സംവിധായകനില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്നും അതിനുശേഷം അദ്ദേഹവുമായി ഒരുതരത്തിലുള്ള പരിചയവും പുലര്‍ത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ തനിക്ക് നേരെ ഉയര്‍ന്ന പീഡന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന് അനുരാഗ് കശ്യപ് തന്നെ രംഗത്ത് വന്നു. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കലാണ് ഇതിന്റെയെല്ലാം ഉദ്ദേശമെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
എന്നെ നിശബ്ദനാക്കാന്‍ ദീര്‍ഘനാളായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പ്രശ്നമില്ല. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്നെ മാത്രമല്ല, എന്റെ മറ്റ് സഹപ്രവര്‍ത്തകരെയും ബച്ചന് കുടുംബത്തെയുമാണ് ഇതിലേക്ക് നിങ്ങള്‍ വലിച്ചിഴച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ. അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു
പായലിന്റെ ട്വീറ്റിന് പിന്നാലെ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തി. വിശദമായ പരാതി സമര്‍പ്പിക്കാന്‍ പായലിനോട് ആവശ്യപ്പെടുകയും ചെയ്തു. നടി കങ്കണ റാണാവത്തും പായല്‍ ഘോഷിന് പിന്തുണയുമായി രംഗത്തെത്തി. അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടു.


