തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. നടന് ജയസൂര്യ നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നു പറയപ്പെടുന്ന സിനിമയുടെ സംവിധായകനാണ് ബാലചന്ദ്ര മേനോന്. അതിനാലാണ് പൊലീസ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരാതിയില്‍ സിനിമയുടെ മറ്റു സാങ്കേതിക പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും. നടി നല്കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാകും രേഖപ്പെടുത്തുക. സെക്രട്ടേറിയറ്റില്‍ ഷൂട്ടിങ് അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ തേടി സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിനു നോട്ടീസ് നല്കി.സെക്രട്ടറിയേറ്റില്‍ വച്ചു നടന്ന ലൈംഗികാതിക്രമം ആയതിനാല്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാരും പൊലീസും സംഭവത്തെ നോക്കിക്കാണുന്നത്.
സെക്രട്ടേറിയറ്റിലെ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയതിനു ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണു ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
കൊച്ചി സ്വദേശിയായ നടി 7 പരാതികളാണു ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്‍കിയിരിക്കുന്നത്. മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന്, കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ തുടങ്ങിയവരാണു മറ്റ് ആരോപണ വിധേയര്‍.