ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂര്‍ സ്വദേശിനിയായ അംബികാ റാവു വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ 20 വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.
കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവുവായിരുന്നു.മീശ മാധവന്, അനുരാഗ കരിക്കിന് വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.
20 വര്‍ഷത്തോളമായി മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു തികച്ചും യാദൃശ്ചികമായാണ് സിനിമാ രംഗത്ത് എത്തപ്പെട്ടത്. ഒരു സുഹൃത്തിനു വേണ്ടി ‘യാത്ര’ എന്ന സീരിയലിന്റെ കണക്കുകള്‍ നോക്കാന്‍ തുടങ്ങിയയിടത്ത് നിന്നുമാണ് തുടക്കം.