മുതിർന്ന സംഗീത സംവിധായകനെതിരെ ഗായിക ഗൗരി ലക്ഷ്മിയുടെ ആരോപണങ്ങൾ ഗൗരവമായി കാണണമെന്ന് ഷഹബാസ് അമൻ. സംഗീത സംവിധായകനിൽ നിന്ന് തനിക്ക് ഭയങ്കരമായ അനുഭവമുണ്ടായെന്നും ഇനി ഒരിക്കലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കില്ലെന്നും ഗായിക അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതിനുപിന്നാലെയാണ് ഗായികയെ പിന്തുണച്ച് ഷഹബാസ് അമൻ രംഗത്തെത്തിയത്. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി അവതരിപ്പിച്ചതിന് വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അധിക്ഷേപ കമന്റുകളിന്മേൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷഹബാസ് അമന്റെ കുറിപ്പ്
“ഗായിക ഗൗരി ലക്ഷ്മി ഒരു മുതിർന്ന സംഗീതസംവിധായകനെതിരെ ഉന്നയിച്ച ആരോപണവും ഗൗരവത്തിലെടുക്കണം. ഗൗരി ഉദ്ദേശിക്കുന്നുവെങ്കിൽ പേര് പുറത്തുവരണം. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി പ്രസന്റ് ചെയ്തതിനു വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണം. അധിക്ഷേപ കമന്റുകളിന്മേൽ നടപടി വേണം. ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ടുപോക്കിന് യാതൊന്നും തടസ്സമാകരുത്. പ്രിയ ഗൗരീ, നീ അടിപൊളിയാണ്. ഗംഭീര ഗായികയാണ്. വ്യക്തമായി കാര്യങ്ങൾ പറയുന്നു. മ്യൂസിക്കിൽ നീ എന്ത് ചെയ്തെന്നതിന് ചരിത്രത്തിന്റെ കോടതിയിൽ കാലം സാക്ഷി പറഞ്ഞോളും. പോകൂ, പൊളിച്ചടുക്കി മുന്നോട്ട്!”


