രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയത്തില്‍ സജീവമായ വര്‍ഷമായിരുന്നു 2020. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ വേഷം ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിരവധി ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ താരത്തിന്റെ 251-ാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ റിവീലിംഗ് പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാളിനെ തുടര്‍ന്നാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സുരേഷ് ഗോപി ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് ഉള്ളത്. സോള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലില്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയ കഥാപാത്രമാണ്. വാച്ച് റിപ്പേയര്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ വലതു കൈയ്യില്‍ ഒരു ടാറ്റൂവുമുണ്ട്.
എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. നേരത്തെ ‘ജീം ബൂം ബാ’ എന്ന ചിത്രം ഒരുക്കിയ രാഹുല്‍ രാമചന്ദ്രന് ആണ് സംവിധാനം. പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുത്താസ്. വിതരണം ഓഗസ്റ്റ് സിനിമാസ്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടന്‍ തന്നെ പുറത്തി വിടുമെന്നാണ് സൂചന.


