നിരവധി തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത യുവ നടന് സുധീര്‍ വര്‍മ (33) മരിച്ചനിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തെലുങ്ക് സിനിമകളായ ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘സെക്കന്‍ഡ് ഹാന്‍ഡ്’, ‘കുന്ദനപ്പു ബൊമ്മ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് സുധീര്‍ വര്‍മ. താരത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത് ‘കുന്ദനപ്പു ബൊമ്മ’യില്‍ ഒപ്പം അഭിനയിച്ച സുധാകര്‍ കൊമകുലയാണ്.
ജനുവരി 10ന് വാറങ്കലില്‍ വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ ബന്ധു വീട്ടില്‍ പോയ സുധീര്‍ വര്‍മ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി. പിന്നീട് സുധീര്‍ വര്‍മയെ ബന്ധുക്കള്‍ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനുവരി 21ന് വിശാഖപട്ടണത്തിലേക്ക് മാറ്റി എന്നും പൊലീസ് പറയുന്നു.
അവിടെ മഹാറാണിപേട്ട പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം തിങ്കളാഴ്ച മരിക്കുുകയുമായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും സംസ്കാര ചടങ്ങുകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.
നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് സുധീര്‍ വര്‍മ. പോസ്റ്റ്മാര്‍ട്ടം നടത്താതെയാണ് സുധീര്‍ വര്‍മയുടെ മൃതദേഹം വിട്ടുകൊടുത്തത് എന്നും ആരോപണമുണ്ട്. സുധീര്‍ വര്‍മയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി എടുത്തിട്ടെന്നും പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.


