നടനും ഡാന്‍സറുമായ പ്രഭുദേവ വിവാഹിതനായതായി റിപ്പോര്‍ട്ട്. പ്രഭുദേവയുടെ സഹോദരന് രാജു സുന്ദരം ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വാര്‍ത്തകള്‍. മുംബൈ സ്വദേശിനിയായ ഡോക്ടര്‍ ഹിമാനിയെയാണ് പ്രഭുദേവ വിവാഹം ചെയ്തതെന്നും മെയ് മാസത്തില്‍ വിവാഹം കഴിഞ്ഞതായും രാജു സുന്ദരം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറംവേദനയുണ്ടായെന്നും ഇതിനായി മുംബൈയില്‍ ചികിത്സ തേടിയപ്പോഴാണ് ഹിമാനിയെ പരിചയപ്പെട്ടതെന്നും രാജു സുന്ദരം പറഞ്ഞു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ലോക്ക് ഡൗണ്‍ ആയതുകൊണ്ട് ഇരുകുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സഹോദരന് വിവാഹിതനായതില്‍ അതിയായ സന്തോഷമുണ്ടെന്നും രാജു സുന്ദരം വ്യക്തമാക്കി.
റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ട്. 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു.


