തിയറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായവും കളക്ഷനും നേടിയ ചിത്രം ജയ ജയ ജയ ഹേ ഇനി ഒടിടിയില്‍ കാണാം. ബേസില്‍ ജോസഫ് ദര്‍ശന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ജയ ചിത്രം ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് തിയറ്ററുകളിലേക്ക് ആളെ കയറ്റിയത്. ഒക്ടോബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം കുടുംബ പ്രേക്ഷകരെയും കയ്യിലെടുത്തു.
തിയറ്ററിലെ വിജയത്തിന് ശേഷം ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ഡിസംബറില്‍ ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ബേസിലിനും ദര്‍ശന രാജേന്ദ്രനുമൊപ്പം സുധീര്‍ പറവൂര്‍, അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദന് എന്നിവരുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അമ്മ വേഷം ചെയ്ത കനകം, ഉഷ ചന്ദ്രബാബു തുടങ്ങിയവരുടെ പ്രകടനത്തിനും ഏറെ കയ്യടി നേടി.
വിപിന്‍ ദാസിനൊപ്പം നാഷിദ് മുഹമ്മദ് ഫാമിയും ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയാണ്. അങ്കിത് മേനോന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബാബ്ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജോണ്‍ കുട്ടിയാണ് എഡിറ്റിങ്. ചിയേഴ്സ് എന്റര്ടെയ്ന്മെന്റിന്റിന്റെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മാണം ലക്ഷ്മി മേനോന്, ഗണേഷ് മേനോന് എന്നിവരായിരുന്നു.


