സിനിമാ തട്ടിപ്പില്‍ നടന് വിവേക് ഒബ്രോയിക്ക് ഒന്നരക്കോടി രൂപ നഷ്ടമായി. മികച്ച ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് താരത്തിന്റെ കയ്യില്‍ വന്‍തുക കൈക്കലാക്കിയത്. ഇവന്റ്- സിനിമാ പ്രൊഡക്ഷന്‍ ബിസിനസിലെ പങ്കാളികളായ മൂന്നുപേരാണ് തട്ടിപ്പ് നടത്തിയതെന്ന് അന്ധേരിയിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് പൊലീസ് പറഞ്ഞു.
നിര്‍മാതാക്കളും ഇവന്റ് സംഘാടകരുമായ അനന്ദിത എന്റര്‍ടെയിന്‍മെന്റിന്റെ ഉടമകളായ സഞ്ജയ് സാഹ, നന്ദിത സാഹ, രാധിക നന്ദ തുടങ്ങിയവര്‍ക്കെതിരെയാണ് വിവേക് ഒബ്രോയിയുടെ സ്ഥാപനമായ ഒബ്രോയി മെഗാ എന്റര്‍ടെയിന്‍മെന്റ് പരാതി നല്‍കിയത്. താരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ഡെവെന്‍ ബാഫ്നയാണ് പരാതി സമര്‍പ്പിച്ചത്.
വിവേക് ഒബ്രോയിയും ഭാര്യ പ്രിയങ്കാ ആല്‍വയും ചേര്‍ന്ന് 2017-ല്‍ ഒബ്രോയി ഓര്‍ഗാനിക്സ് എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങിയിരുന്നു. പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോവാത്തതിനേത്തുടര്ന്ന് പാര്‍ട്ണര്‍മാരായി സഞ്ജയ് സാഹ, നന്ദിത ഷാ, രാധിക നന്ദ തുടങ്ങിയവരെ കൊണ്ടുവരാന്‍ തീരുമാനിച്ചു. ഈ സംഘം ഒന്നായി പിന്നീട് അനന്ദിത എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ ഇവന്റ് – സിനിമാ നിര്‍മാണ മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുകയായിരുന്നു.
ഇതിന് ശേഷം വിവേക് ഒബ്രോയി തന്റെ ഓഹരികള്‍ മറ്റൊരു കമ്പനിക്ക് കൈമാറ്റം ചെയ്യുകയും ദൈനംദിന കാര്യങ്ങള്‍ സഞ്ജയ്, രാധിക എന്നിവരെ ഏല്പിക്കുകയായിരുന്നു. ഇതിനിടെ പണമിടപാടുകളില്‍ സംശയം തോന്നിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഡെവെന്‍ നടത്തിയ അന്വേഷണത്തിനിടെ ഇതേ കമ്പനിയിലെ ഒരു ജീവനക്കാരന് നിര്‍ണായകമായ ഒരു വിവരം നല്കി. പണം സിനിമാ നിര്‍മാണത്തിന് ഉപയോഗിക്കാതെ മൂവര്‍ സംഘം സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിച്ചു എന്നതായിരുന്നു ആ വിവരം. തുടര്‍ന്നാണ് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്.


