തിരുവനന്തപുരം: ഐഎഫ്എഫ്കെയില് ആറ് ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആറ് ചിത്രങ്ങള്‍ മേളയില്‍ കാണിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതാണ് കാരണം.
നേരത്തെ എല്ലാ ചിത്രങ്ങളെയും മുൻ നിശ്ചയിച്ച പ്രകാരം പ്രദർശിപ്പിക്കാനുള്ള നിർദേശം സംസ്ഥാന സർക്കാർ ചലച്ചിത്ര അക്കാദമിക്ക് നൽകിയിരുന്നു. കേന്ദ്രം വിലക്കിയ ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങളുടെ പ്രദർശനം ഇന്നലെ കഴിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെ രാത്രിയോടെയാണ് ചിത്രങ്ങൾക്ക് വിലക്ക് നൽകിക്കൊണ്ടുള്ള ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്.
സെന്‍സര്‍ ബോര്‍ഡ് എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീന് പ്രമേയമായിട്ടുള്ള ചിത്രങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഐഎഫ്എഫ്കെയില് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി അപലപനീയമെന്ന് ചൂണ്ടിക്കാട്ടി നിരവധി സാംസ്കാരിക, സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.


