പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘ഹൃദയ’ത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്ത് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ ടീസര്‍ ലോഞ്ച് ചെയ്തത്. നേരത്തെ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. പ്രണവിന്റെയും ദര്‍ശന രാജേന്ദ്രന്റെയും കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ടീസറില്‍ കല്യാണി പ്രിയദര്ശന് അവതരിപ്പിക്കുന്ന കഥാപാത്രവും ഉണ്ട്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന് മറ്റൊരു ചിത്രവുമായി എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മാണം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന് വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.


