ഹേമ കമ്മിറ്റി റിപ്പോർട്ട് അടുത്ത ദിവസം പുറത്ത് വിടാനിരിക്കെ ഹൈക്കോടതിയിൽ ഹർജിയുമായി നടി രഞ്ജിനി. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത് .സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ കേൾക്കാൻ ഡിവിഷൻ ബഞ്ച് അനുവാദം നൽകി. മുൻ ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടിയത്. അപ്പീൽ തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.
ഹേമ കമ്മിറ്റിയെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ ഉത്തരവാദിത്തം ഇല്ലാതെ റിപ്പോര്‍ട്ട് പുറത്ത് വിടരുത്. വനിതാ കമ്മീഷൻ ഇക്കാര്യം ഉറപ്പാകുമെന്ന് കരുതി. എന്നാൽ അത്തരം നീക്കമുണ്ടായില്ല. അതിൽ നിരാശയുണ്ട്. മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ഞങ്ങളെ ബന്ധപെട്ടിട്ടില്ല. പറഞ്ഞ കാര്യങ്ങൾ എങ്ങനെ പുറത്ത് വരുമെന്നതിൽ ആശങ്കയുണ്ട്. റിപ്പോർട്ടിൽ മൊഴി നൽകിയവരുടെ സ്വകാര്യത ലംഘനമില്ലെന്ന് ഉറപ്പാക്കണം. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തു വിടേണ്ടതെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുക. 5 മാധ്യമപ്രവർത്തകരാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നത്. നിയമസഭയിൽ ജനപ്രതിനിധികൾക്ക് ലഭ്യമായ വിവരം അറിയാൻ സാധാരണ പൗരനും അവകാശമുണ്ടെന്ന് നിലപാടാണ് വിവരാവകാശ കമ്മീഷൻ കോടതിയിൽ സ്വീകരിച്ചത്.


