വയലാര്‍ രാമവര്‍മ്മ സാംസ്കാരികവേദിയുടെ സ്ത്രീശാക്തീകരണ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്കാരത്തിന് ‘ജാനകി ജാനേ’ അര്‍ഹമായി. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവ്യാ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം അനീഷ് ഉപാസനയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മികച്ച ചിത്രം (നന്‍പകല്‍ നേരത്ത് മയക്കം), മികച്ച നടന് (സൗബിന് ഷാഹിര്‍) (ഇലവീഴാ പൂഞ്ചിറ, ജിന്ന്), മികച്ച നടി (ദര്‍ശന രാജേന്ദ്രന്), ചലച്ചിത്ര പ്രതിഭാ പുരസ്കാരത്തിനു സംവിധായകന് പ്രിയദര്ശന്, നടന് ശങ്കര്‍, നടി മേനക എന്നിവരും അര്‍ഹരായി. സെപ്റ്റംബര്‍ ആദ്യവാരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


