മാപ്പിളപ്പാട്ട് ഗായകന് വി.എം. കുട്ടി അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലാണ് അന്ത്യം. കബറടക്കം വൈകീട്ട് അഞ്ചിന് പുളിക്കല്‍ ജുമാ മസ്ജിദില്‍ നടക്കും. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായിരുന്നു.
ഗായകനും ഗാനരചയിതാവുമായ അദ്ദേഹം ചിത്രകല, നാടകം, സിനിമ തുടങ്ങി വിവിധ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. ഉല്‍പ്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിച്ചു. 1921, മയിലാഞ്ചി, മാന്യമഹാജനങ്ങളേ, സമ്മേളനം, സമ്മാനം എന്നീ ചലച്ചിത്രങ്ങള്‍ക്കു വേണ്ടി ഒപ്പന സംവിധാനം ചെയ്തതും അദ്ദേഹമാണ്. മാര്‍ക്ക് ആന്റണി എന്ന സിനിമയ്ക്ക് ഗാനങ്ങള്‍ രചിച്ചു.
ഉണ്ണീന്‍ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്ക് സമീപമുള്ള പുളിക്കലില്‍ 1935 ല്‍ ജനിച്ച വിഎം കുട്ടി, മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957 ല്‍ കൊളത്തൂരിലെ എ.എം.എല്‍.പി സ്കൂളില്‍ പ്രധാനധ്യാപകനായി ചേര്‍ന്നു. 1985 ല്‍ അധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം ,ഗാനാലാപനം എന്നിവയില്‍ തത്പരനായിരുന്നു വി.എം. കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കല്‍ ഫാത്തിമ്മക്കുട്ടി എന്ന വനിതയില്‍ നിന്നാണ് മാപ്പിളപ്പാട്ടിനെ പരിചയപ്പെടുന്നത്.
1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്കുള്ള വിഎം കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രസിദ്ധനായി. 1957 മുതല്‍ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകള്‍, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങള്‍ പാടിയിട്ടുണ്ട് അദ്ദേഹം. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടന്‍ ഗാനശാഖയിലും വി.എം. കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്.
കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കേരള കലാമണ്ഡലം അവാര്‍ഡ്, ദല പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. കുട്ടിക്കവിത, നാടകം, മാലപ്പാട്ട്, ചരിത്രനോവല്‍, ഓര്‍മക്കുറിപ്പ്, ഗാനസമാഹാരം എന്നീ വിഭാഗങ്ങളില്‍ പുസ്തകങ്ങള്‍ രചിച്ചു.


