എന്നും തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന സിനിമ സംവിധായകനാണ് അനുരാഗ് കശ്യപ്. പായൽ കപാഡിയ സംവിധാനം ചെയ്ത ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ കാൻ 2024ലെ വിജയത്തില്‍ ഇന്ത്യയ്ക്ക് കാര്യമായി അവകാശപ്പെടാനൊന്നും ഇല്ലെന്നാണ് ഇപ്പോള്‍ അനുരാഗ് കശ്യപ് പറയുന്നത്.ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള്‍ പോലും ഇന്ത്യ ഇതുവരെ നൽകിയിട്ടില്ല. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് ഇക്കാര്യം പറഞ്ഞത്.
ലോകപ്രശസ്ത ചലച്ചിത്രമേളയായ കാനിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ഗ്രാന്‍ഡ് പ്രീ പുരസ്കാരമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം കരസ്ഥമാക്കിയത്. മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ” ഇന്ത്യ@കാൻ’ എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ആ വിജയം ഒരു പ്രചോദനമാണ് ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് ഒരു ലക്ഷ്യമാണ് നല്‍കുന്നത്, പക്ഷേ അവരുടെ വിജയം അവരുടേതാണ്. കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ല. ഫ്രഞ്ച് ധന സഹായം കൊണ്ടാണ് പായൽ കപാഡിയയുടെ സിനിമ സംഭവിച്ചത്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല. ഈ വിജയം കൈവരിച്ചിട്ടും നൽകിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടിൽ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിര്‍മ്മിക്കാന്‍ പണം കിട്ടിയത്. കരൺ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയിൽ നിന്നാണ്. പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോലും അവർ പിന്തുണയ്ക്കുന്നില്ല. പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോലും അവർ പിന്തുണയ്ക്കുന്നില്ലെന്നും’ അനുരാഗ് പറഞ്ഞു.


