മലയാളത്തിന്റെ മഹാനടന് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടന് ജയറാം. ഏഷ്യയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് വിടവാങ്ങിയതെന്ന് ജയറാം പ്രതികരിച്ചു. ആ വലിയ കലാകാരനോടൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു. അത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്. വളരെ താളബോധമുള്ള നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹമായ വ്യക്തിത്വം. തനി കുട്ടനാട്ടുകാരനായ പച്ചയായ മനുഷ്യന്, മണ്ണിനെ തൊട്ടു നില്ക്കുന്ന ഒരു മലയാളിയാണ് അദ്ദേഹം- ജയറാം പ്രതികരിച്ചു.
അദ്ദേഹത്തിനൊപ്പം മകനായും മരുമകനായുമൊക്കെ ഏറെ സിനിമകളില്‍ വേഷമിട്ട നടനാണ് ജയറാം. നെടുമുടിയുടെ ഓര്‍മകളില്‍ ജയറാം അനുസ്മരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ രാത്രി മുതല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പുറത്തു വരരുതേ എന്ന് പ്രാര്ഥിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മകന് ഉണ്ണിയുമായി സംസാരിച്ചു. പക്ഷേ അത് സംഭവിച്ചു.
സത്യത്തില്‍ ഏഷ്യയില്‍ തന്നെ പകരം വെക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം. അത് തെളിയിച്ച ആളാണ്. എന്നെ സംബന്ധിച്ചിടത്തോളം വേണുച്ചേട്ടന് ആയിട്ടൊരു സിനിമ ഉണ്ടെന്നറിഞ്ഞാല്‍ ചെണ്ട, ഘടം, ജിഞ്ചറ എല്ലാ സാധനവുമായിട്ടാകും ഞാന്‍ സെറ്റിലെത്തുക. എല്ലാ ക്ഷേത്ര കലകളും അദ്ദേഹത്തിന് വശമാണ്. ഇത്ര താളബോധമുള്ള നടന് വേറെ കാണില്ല. വേറെ ഭാഷയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ നെടുമുടി വേണുവിനെ പോലെ ഒരു നടന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ പറയും.


