ആസ്വാദക മനസില്‍ സ്ഥിര സാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനായിരുന്നു നെടുമുടി വേണുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍ പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തുവെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറയുന്നു.
അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരും കാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനം പിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വിസ്മയിപ്പിക്കുന്ന നടനും അതുല്യകലാകാരനും മനുഷ്യസ്നേഹിയുമായിരുന്നു നെടുമുടിയെന്ന് പ്രതിപക്ഷനേതാവ് അനുസ്മരിച്ചു. സാംസ്ക്കാരിക രംഗത്തെ കാരണവരിലൊരാളെയാണ്നഷ്ടപ്പെട്ടതെന്ന് സാംസ്ക്കാരിക മന്ത്രി സജി ചെറിയാന് അനുശോചന കുറിപ്പില്‍ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും മികച്ചനടനായിരുന്നു നെടുമുടിയെന്ന് സ്പീക്കര്‍ എംബി.രാജേഷ് അനുസ്മിച്ചു.


